
ആഷസ്: ആസ്ട്രേലിയൻ ആധിപത്യം
സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരെ ആതിഥേയരായ ആസ്ട്രേലിയയുടെ ആധിപത്യം. നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് 265ന് 6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് 388 റൺസിന്റെ വമ്പൻ വിജയലക്ഷ്യം മുന്നോട്ടുവച്ച ആസ്ട്രേലിയക്കെതിരെ സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസ് നേടിയിട്ടുണ്ട്. ഒരുദിവസവും 10 വിക്കറ്റും കൈയിലിരിക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ 358 റൺസ് കൂടിവേണം. ഓപ്പണർമാരായ സാക് ക്രൗളി 22 റൺസുമായും ഹസീബ് ഹമീദ് 8 റൺസുമായി ക്രീസിലുണ്ട്. ഇത്തവണത്തെ ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് ഓപ്പണർമാരുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇത്. 
ആദ്യ ഇന്നിംഗ്സിലെപ്പോലെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജയുടെ ((പുറത്താകാതെ 101,10 ഫോർ.2 സിക്സ് ) ഇന്നിംഗ്സാണ് ഇന്നലെ സിഡ്നിയിലെ ഹൈലൈറ്റ്. ആദ്യഇന്നിംഗ്സിൽ 137 റൺസ് നേടിയിരുന്നു ഖ്വാജ. രണ്ട് വർഷത്തിന് ശേഷമാണ് ഖ്വാജ ഓസീസ് ടീമിൽ ഇടം നേടിയത്. നേരത്തേ 258/7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 294 റൺസിന് ആൾഔട്ടായി. ജോണി ബെയർസ്റ്റോ 158 പന്ത് നേരിട്ട് 8 ഫോറും 3 സിക്സും ഉൾപ്പെടെ 113 റൺസെടുത്തു. ആസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട് നാലും ക്യാപ്ടൻ പാറ്റ് കമ്മിൻസ് നാഥാൻ ലിയോൺ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.
തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ 86/4 എന്ന നിലയിൽ ആയിരുന്ന ആസ്ട്രേലിയയെ ഖ്വാജയും കാമറൂൺ ഗ്രീനും (74) ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 179 റൺസ് കൂട്ടിച്ചേർത്തു. ഗ്രീനിനെ റൂട്ടിന്റെ കൈയിൽ എത്തിച്ച ജാക്ക് ലീച്ചാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത പന്തിൽ അലക്സ് കാരെയേയും ലീച്ച് ഒലിപോപ്പിന്റെ കൈയിൽ എത്തിച്ച് മടക്കിയതോടെ ഓസീസ് ക്യാപ്ടൻ പാറ്റ് കമ്മിൻസ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ലീച്ചിന് ഹാട്രിക്ക് അവസരം നിഷേധിച്ചത് സ്പോർട്സ്മാൻ സ്പിരിറ്റിന് ചേർന്നതല്ലെന്ന വിമർശനം ഉയർന്നിരുന്നു.