pocso

മൈസൂർ: കർണാടകയിലെ മൈസൂറിൽ പെൺകുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ പ്രധാനാദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു. പെൺകുട്ടി ക്ളാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നെന്ന പരാതിയെതുടർന്ന് പരിശോധന നടത്തുകയായിരുന്നു അദ്ധ്യാപകർ. വീട്ടിൽ തിരിച്ചെത്തി പെൺകുട്ടി സംഭവങ്ങൾ വിശദീകരിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ഉന്നത അധികാരികൾക്ക് പരാതി നൽകുകയായിരുന്നു.

രക്ഷിതാക്കൾ നൽകിയ പരാതിയെതുടർന്ന് ശ്രീരംഗപ്പട്ടണം സർക്കാർ സ്കൂളിലെ പ്രധാനാദ്ധ്യാപിക സ്നേഹലതയെ കർണാടക പബ്ളിക്ക് ഇൻസ്ട്രക്ഷൻ കമ്മീഷൻ ആർ‌ വിശാൽ സസ്പെൻഡ് ചെയ്തു.

ക്ളാസ് മുറിയിൽ എല്ലാവരുടെയും മുമ്പാകെ വസ്ത്രമഴിക്കാൻ തയ്യാറായില്ലെങ്കിൽ ആൺകുട്ടികളെ വിളിച്ചുവരുത്തുമെന്ന് പ്രധാനാദ്ധ്യാപിക ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു. പ്രധാനാദ്ധ്യാപികയ്ക്ക് എതിരെ പോക്സോ വകുപ്പുകൾ അനുസരിച്ച് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം വിവാദമായതിനെ തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികളും പി ടി എ അംഗങ്ങളും സ്കൂളിന് മുന്നിൽ പ്രകടനം നടത്തിയിരുന്നു. പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റാതെ തങ്ങളുടെ പെൺകുട്ടികളെ സ്കൂളിൽ അയയ്ക്കില്ലെന്ന കർശന നിലപാട് ഭൂരിപക്ഷം മാതാപിതാക്കളും എടുത്തിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർ സ്നേഹലതയ്ക്കെതിരെ നടപടിയെടുക്കാൻ തയ്യാറായത്. പ്രധാന അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും രക്ഷിതാക്കൾ തങ്ങളുടെ മക്കളെ തുടർന്നും സ്കൂളിൽ അയയ്ക്കണമെന്നും പബ്ളിക്ക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ജാവരെഗൗഡ പറഞ്ഞു.