
മലപ്പുറം: ശബരിമല യുവതീപ്രവേശന സമയത്തെ 'എടപ്പാൾ ഓട്ടം' സംഭവം ഓർമ്മിപ്പിച്ച് ഇടത് നേതാക്കൾ എടപ്പാൾ മേൽപ്പാലം ഉദ്ഘാടന പോസ്‌റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ്ചെയ്‌തത് കഴിഞ്ഞ ദിവസമാണ്. ഇതിന് മറുപടിയെന്ന വണ്ണം ഇന്ന് പോസ്‌റ്റുമായെത്തുകയാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്‌ദുളളക്കുട്ടി. മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിനെ അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയും ട്രോളിയുമാണ് അബ്‌ദുളളക്കുട്ടിയുടെ പോസ്‌റ്റ്.
കെടി ജലീലിന് അഭിനന്ദനങ്ങൾ എടപ്പാളിൽ ഒരു ഫ്ലൈ ഓവർ അങ്ങയുടെ നേതൃത്വത്തിൽ യഥാർത്ഥ്യമായല്ലൊ, കണ്ണൂരിൽ തലശേരിയിൽ പിണറായിയുടെ, കോടിയേരിയുടെ തട്ടകത്തിൽ ഒരു ഫ്‌ളൈഓവറോ, അണ്ടർ പാസോ യാഥാർത്ഥ്യമായിട്ടില്ലെന്ന് അബ്‌ദുളളക്കുട്ടി ഫേസ്‌ബുക്ക് പോസ്‌റ്റിൽ വിമർശിക്കുന്നു. ഭൂമിയിൽ ഏറ്റവും വലിയ ഗതാഗതകുരുക്കിന്റെ നാടാണിവിടെയെന്നും അബ്‌ദുളളക്കുട്ടി പറയുന്നു.
അബ്‌ദുളളകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
കെടി ജലീലിന് അഭിനന്ദനങ്ങൾ
എടപ്പാളിൽ ഒരു ഫ്‌ളൈ ഓവർ അങ്ങയുടെ നേതൃത്വത്തിൽ യഥാർത്ഥ്യമായല്ലൊ.... ഇവിടെ തലശ്ശേരിയിൽ, കണ്ണൂരിൽ പിണറായിയുടെ , കോടിയേരിയുടെ സ്വന്തം തട്ടകത്തിൽ ഒരു ഫ്‌ളൈ ഓവർ ബ്രിഡ്ജ് പോയിട്ട് ഒരു അണ്ടർ പാസ്സ് പോലും ഉണ്ടായിട്ടില്ല. ഭൂമിയിലെ ഏറ്റവും വലിയ ട്രാഫിക്ക് കുരുക്കിന്റെ നാടാണ് ഇവിടം. എന്നിട്ടാണ് ഇവർ വല്യ വികസന വില്ലാളിവീരന്മാരെ പ്പോലെ ഗീർവാണം പറയുന്നത്.