
ലാഹോർ: പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുറീയിലെ അതിശക്തമായ മഞ്ഞുവീഴ്ച മൂലം 9 കുട്ടികൾ അടക്കം 21 പേർ മരിച്ചു. പർവതപ്രദേശത്തെ ഗതാഗതക്കുരുക്കിൽ പെട്ട വാഹനങ്ങളിലെ സഞ്ചാരികൾക്കാണ് അപകടം സംഭവിച്ചത്. ഇസ്‌ലാമാബാദിൽനിന്ന് 64 കിലോമീറ്റർ അകലെ പാക് പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി ജില്ലയിലാണു മുറീ.
ചൊവ്വാഴ്ച ആരംഭിച്ച മഞ്ഞുവീഴ്ച കാണാനായി കഴിഞ്ഞ ദിവസം രാത്രി മുതൽ ഈ പ്രദേശത്തേക്ക് ആയിര കണക്കിന് സഞ്ചാരികളാണ് എത്തിയത്. തുടർന്നുണ്ടായ ഗതാഗത കുരുക്കും അതിശൈത്യവുമാണ് അപകടത്തിൽ കലാശിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് ശേഷം ഒന്നര ലക്ഷത്തിലേറെപ്പേർ മുറീ സന്ദർശിച്ചുവെന്നാണു കണക്ക്.
പട്ടണത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യങ്ങളടക്കം സഹായങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർ അറിയിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ദുഃഖം പ്രകടിപ്പിച്ചു.
എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിനോദസഞ്ചാരികൾ കാറിൽ ഹീറ്ററുകൾ ഉപയോഗിച്ചതാണ് മരണ കാരണമെന്ന് മുറീ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജാ റഷീദ് പറഞ്ഞു. എന്നാൽ അതിശൈത്യമാണ് മരണ കാരണമെന്ന് പാകിസ്ഥാനിലെ പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.