
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതാവുകയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയും ചെയ്ത കുഞ്ഞിന് പേരിട്ട് പൊലീസ്. കുഞ്ഞിനെ കണ്ടെത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഗാന്ധിനഗർ എസ് ഐ റെനീഷാണ് കുഞ്ഞിന് പേര് നിർദേശിച്ചത്.
പോരാട്ടങ്ങളെ അതിജീവിച്ച് തിരികെയെത്തിയ പെൺകുഞ്ഞിന് 'അജയ്യ' എന്ന പേരാണ് എസ് ഐ റെനീഷ് നിർദേശിച്ചത്. അച്ഛൻ ശ്രീജിത്ത് പോരാട്ടങ്ങളെ അതിജീവിച്ചുവന്ന കുഞ്ഞിനെപ്പറ്റി സംസാരിക്കുന്നതിനിടെ കുഞ്ഞിന് ഈ പേര് നൽകികൂടെയെന്ന് റെനീഷ് ചോദിക്കുകയായിരുന്നു. കുഞ്ഞിന്റെ അച്ഛനമ്മമാർ സമ്മതിക്കുകയും ചെയ്തു.
പൊലീസ് സംഘം ഡി വൈ എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തി കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഉപഹാരം സമ്മാനിച്ചിരുന്നു. ദമ്പതിമാർ പൊലീസ് സ്റ്റേഷനിലെത്തി കേക്കും മധുരവും വിതരണം ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിലെ പ്രസവവാർഡിൽ നിന്ന് കുഞ്ഞിനെ കാണാതാവുന്നത്. തുടർന്ന് തിരുവല്ല സ്വദേശിനി നീതുവിന്റെ പക്കൽ നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയുമായിരുന്ന നീതു ഒരേ സമയം ഭർത്താവിനെയും, കാമുകനെയും കബളിപ്പിക്കാൻ നടത്തിയ നാടകമായിരുന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകുന്നതിൽ കലാശിച്ചത്.