
പ്രതിഷ്ഠകളിലെ വൈവിദ്ധ്യവും വാസ്തുവിദ്യയിലെ സമ്പന്നതയും കൊണ്ട് ഭാരത്തിലെ പല ക്ഷേത്രങ്ങളും ലോക പ്രശസ്തമാണ്. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ കർണിമാത ക്ഷേത്രം. എലികളെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രശസ്തിക്കുള്ള പ്രധാന കാരണം. ഇത്തരത്തിൽ ഒരു ആരാധന രീതി നിലവിൽ വന്നതിന് പിന്നിൽ ഒരു ഐതിഹ്യവുമുണ്ട്.
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്‌നോക്. ഈ പ്രദേശത്താണ് കർണിമാത ക്ഷേത്രം സ്ഥിതിചെയുന്നത്. എലികളെ ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഇവിടത്തെ മുഖ്യ പ്രതിഷ്ഠ ദുർഗ്ഗാ ദേവിയാണ്. ദുർഗ്ഗാ ദേവിയുടെ അവതാരമായാണ് കർണിമാത അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചാൽ ധാരളമായി എലികൾ ഭയം കൂടാതെ സഞ്ചരിക്കുന്നത് കാണാനാവും. ഏകദേശം ഇരുപതിനായിരത്തിലധികം എലികൾ ഇവിടെ ഉണ്ട്.കൂടുതലും കറുത്ത എലികളെയാണ് കാണുക. ബിക്കാനീറിനെ സംരക്ഷിക്കുന്നത് ഈ മൂഷിക സേനയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

മൂഷിക ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നില നിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭരണാധികാരിയുമായി ബന്ധപ്പെട്ടതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ദുഷ്ടനായ ഒരു ഭരണാധികാരി തന്റെ ദുഷ്‌പ്രവർത്തിയിൽ കുറ്റബോധം തോന്നി തനിക്കും തന്റെ വംശത്തിനും മാപ്പ് നൽകണമെന്ന് കർണിമാത ദേവിയോട് അപേക്ഷിച്ചു. ഭരണാധികാരിക്ക് മാപ്പ് നൽകിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തിൽ അഭയം നൽകി. എല്ലാകാലവും ബിക്കാനീറിന്റെ കാവൽക്കാരായി തുടരാൻ ദേവി മൂഷികരോട് ആവശ്യപ്പെട്ടെന്നുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒരു ഐതിഹ്യം.
മൂഷിക ആരാധനയുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുമുണ്ട്. കർണിമാതയുടെ മകനായ ലക്ഷ്മൺ ഒരിക്കൽ കപിൽ സരോവറിൽ നിന്നും വെള്ളം കുടിക്കുന്നതിനിടയിൽ അതിൽ വീഴുകയും മരണപ്പെടുകയും ചെയ്തു. ദുഃഖിതയായ കർണിമാത യമദേവനോട് മകനെ തിരികെ നൽകണമെന്ന് അപേക്ഷിച്ചു. ആദ്യം അപേക്ഷ നിരസിച്ചെങ്കിലും ലക്ഷ്മണനെ മാത്രമല്ല കർണിമാതയുടെ എല്ലാ ആൺമക്കളും മരണശേഷം ഇവിടെ എലിയായി പുനർജനിപ്പിക്കാമെന്ന് യമദേവൻ പറഞ്ഞു. ഇതിന് ശേഷമാണ് ഇവിടെ എലികളെ ആരാധിച്ചുതുടങ്ങിയത്.
ക്ഷേത്രത്തിലെ മൂഷികർക്ക് ഹാനി ഉണ്ടാക്കിയാൽ
ക്ഷേത്രകവാടം കടന്നാൽപ്പിന്നെ ഓരോ ചുവടും ശ്രദ്ധിച്ചു വേണം, അബദ്ധവശാൽ എലികളെ ചവിട്ടിയാൽ ഫലം മാറാവ്യാധികൾ. കാബാ എന്നാണീ എലികൾ അറിയപ്പെടുന്നത്. അതിൽ വെള്ളയെലികളെ കാണുന്നവരത്രേ ഭാഗ്യവാന്മാർ. എന്നാലവയെ കണ്ടു കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറക്കണ്ട. ഇവരൊന്നും നിസ്സാരന്മാരല്ല കേട്ടോ. രാജകീയവാഴ്ച നടത്തുന്നവരാണ്. ഇവരെ നോക്കാനും പരിപാലിക്കാനും പ്രത്യേകം പരികർമ്മികളുണ്ട്. അൽഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത അവിടൊരു കുഞ്ഞെലിയെപ്പോലും കാണാതാകില്ല എന്നതാണ്. ഏതെങ്കിലും കൈയബദ്ധം മൂലം ക്ഷേത്രത്തിലെ എലികളെ കൊന്നാൽ പകരം സ്വർണത്തിലുള്ള എലിയെ സമർപ്പിക്കണം എന്നാണ് അവിടത്തെ വിശ്വാസം. ഇല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷം.

രാവിലെ നാല് മണിക്കാണ് ക്ഷേത്രം തുറക്കുക. മംഗളാരതിയോട് കൂടി ക്ഷേത്രത്തിലെ പൂജകൾക്ക് തുടക്കമാവും. എലികൾക്ക് ഭക്ഷണം നൽകുന്നത് പുണ്യകരമായ പ്രവർത്തിയായാണ് ഭക്തർ കണക്കാക്കുന്നത്. മറ്റെല്ലാ ദുർഗ്ഗാക്ഷേത്രങ്ങളിലുമെന്ന പോലെ നവരാത്രിക്കാണ് ഇവിടേയും വിശേഷം.
ക്ഷേത്ര നിർമിതി ഇങ്ങനെ
വെള്ളിയിൽ നിർമ്മിച്ച കവാടം കടന്നുവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. 20ാം നൂറ്റാണ്ടിൽ ബിക്കാനീർ രാജാവായിരുന്ന മഹാരാജ് ഗംഗ സിംഗാണ് ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചത്. എലികളുടെ പേരിൽ മാത്രമല്ല, കൊത്തുപണികളുടെ പേരിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്.