mala-

ശബരിമല: ഈ സീസണിലെ ഏറ്റവുമധികം ഭക്തജന തിരക്കേറിയ ദിവസമായിരുന്നു സന്നിധാനത്ത് ഇന്നലെ. 51,000ലധികം പേർ ശബരീശ ദർശനപുണ്യം നേടിയതായാണ് ദേവസ്വം ബോർഡ് അറിയിക്കുന്നത്. ഇന്നും വലിയ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

mala-a

നിലവിൽ 60,000 പേർക്ക് വെർച്വൽ ക്യൂ വഴിയും സ്‌പോട് ബുക്കിംഗ് വഴി 10,000 പേ‌ർക്കുമാണ് ഒരു ദിവസം ദർശനം നടത്താൻ അനുമതി നൽകിയിരുന്നത്. ഈ എണ്ണത്തിലെ നിയന്ത്രണം ഇന്ന് എടുത്തുമാ‌റ്റി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള‌ള ഭക്തരാണ് നിലവിൽ മലകയറുന്നവരിൽ ഏറെയും. അവധി ദിവസമായതിനാൽ കേരളത്തിൽ നിന്നുള‌ള ഭക്തരിലും വർദ്ധനയുണ്ട്.

mala-b

സന്നിധാനത്ത് മകരവിളക്ക് പ്രമാണിച്ച് പുതിയ പൊലീസ് ബാച്ച് ഇന്ന് ചുമതലയേൽക്കും. സുരക്ഷ മുൻനി‌ർത്തി ഇത്തവണ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. മകരവിളക്ക് ദർശനത്തിന് എത്ര ഭക്തരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. മകരജ്യോതി ദ‌ർശനം നടത്താവുന്ന വിവിധയിടങ്ങളിൽ ഒന്നരലക്ഷത്തോളം ഭക്തരെ അനുവദിക്കും. ഇതിനായി ബാരിക്കേഡുകൾ വിന്യസിക്കുകയും ആരോഗ്യവകുപ്പ്,​ എൻഡി‌ആർ‌എഫ്,​ ഫയർഫോഴ്‌സ് എന്നിവരുടെ സേവനം പാണ്ടിത്താവളം,​ പമ്പാ ഹിൽടോപ്പ് മുതലായി വിവിധ പോയിന്റുകളിൽ ഉറപ്പാക്കും.

mala-c

ശനിയാഴ്‌ച വരെ 15 ലക്ഷത്തോളം ഭക്തരാണ് മണ്ഡല-മകരവിളക്ക് സീസൺ സമയത്ത് ദർശനം നടത്തിയത്. 110 കോടിയിലധികം രൂപയുടെ വരുമാനവും ലഭിച്ചു. മണ്ഡലപൂജ സമയത്ത് 84.93 കോടി രൂപയും മകരവിളക്ക് സമയം ഇതുവരെ 25.18 കോടിയുമാണ് ലഭിച്ചത്. അരവണ വിൽപനയിലൂടെ 25.14 കോടി,​ അപ്പം വിൽപനയിൽ 80 ലക്ഷം,​ കാണിക്കയായി 9.25 കോടിയുമാണ് ലഭിച്ചത്. 14ന് ഉച്ചയ്‌ക്ക് 2.29നാണ് മകരസംക്രമണം. അന്ന് ഉച്ചപൂജയ്‌ക്ക് ശേഷം നട അടക്കില്ല. അതേസമയം പുല്ലുമേട് കാനനപാത വഴി ഇത്തവണത്തെ തീർത്ഥാടനം വേണ്ടെന്നുവച്ചു. ഇവിടെ മകരജ്യോതി ദർശനത്തിനും അനുമതിയ്‌ക്ക് സാദ്ധ്യത മങ്ങി.