fandom

കലയും സാഹിത്യവും കായിക ഇനങ്ങളുമൊക്ക ഉത്ഭവിച്ച കാലംതൊട്ടേ താരാരാധന എന്നതും നിലനിൽക്കുന്നുണ്ട്. സിനിമ, പാട്ട്, കായിക ഇനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. എന്നാലിത് പലപ്പോഴും അതിര് വിടുന്നതായും കണ്ടുവരാറുണ്ട്. താരങ്ങളുടെ പേരിലുള്ള വാക്കുതർക്കങ്ങൾ, അടിപിടി മുതൽ ആത്മഹത്യയും കൊലപാതകവും വരെ പലയിടത്തും നടക്കാറുണ്ട്. ആരാധന മൂത്ത് താരങ്ങളോട് മോശമായി പെരുമാറുന്നവരും ഏറെയാണ്. എന്നാലിത് മനുഷ്യരിൽ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

താരാരാധന അമിതമാകുന്നവർക്ക് ബുദ്ധി കുറവായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ബി എം സി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലെ ഹംഗേറിയൻ പഠനത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ലിൻ ഇ മെക്‌കട്ടിച്ചിയോൺ, ആഗ്നസ് സില, സോൾട്ട് ഡെമെട്രോവിക്സ് എന്നിവർ ചേർന്ന് 1763 ഹംഗേറിയൻ പൗരൻമാരിലാണ് പഠനം നടത്തിയത്. ഡിജിറ്റ് സിംബോളൈസേഷൻ ടെസ്റ്റ്, ചോദ്യാവലി, വൊക്കാബുലറി ടെസ്റ്റ് എന്നിവയിലൂടെയാണ് നിഗമനത്തിൽ എത്തിച്ചേർന്നത്.

സെലിബ്രിറ്റ് ആറ്റിറ്റ്യൂഡ് സ്കെയിൽ ചോദ്യാവലിയിലൂടെ ഒരാളുടെ ആരാധന എത്രത്തോളമുണ്ട് എന്ന് അളക്കാൻ സാധിക്കും. പഠനത്തിൽ പങ്കെടുത്തവരുടെ വിദ്യാഭ്യാസ നിലവാരം, കുടുംബവരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ചും ഗവേഷകർ വിവരങ്ങൾ ശേഖരിച്ചിരുന്നു. അമിതമായ ആരാധനയുള്ളവർ ബുദ്ധി അളക്കുന്ന പരീക്ഷകളിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ മിതമായ രീതിയിൽ ആരാധനയുള്ളവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആരാധന കൂടിയവരിൽ ചിന്താശേഷി കൂടുതലായിരിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. ഇഷ്ടപ്പെട്ടവരെ ആരാധിക്കുന്നതിൽ തെറ്റില്ല എന്നാൽ ഇത് അമിതമാകുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.