dileep

കൊച്ചി: നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.


ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് ഉൾപ്പടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ദിലീപാണ് ഒന്നാം പ്രതി. രണ്ടാം പ്രതി സഹോദരന്‍ അനൂപും, മൂന്നാം പ്രതി സുരാജും, നാലാം പ്രതി അപ്പുവും, അഞ്ചാം പ്രതി ബാബു ചെങ്ങമനാടും, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ്ഐആറിൽ പറയുന്നത്. വധഭീഷണി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ ഓഡിയോ ക്ലിപ്പുകൾ നേരത്തെ പുറത്തുവന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ദിലീപ് ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.