samastha

മലപ്പുറം: ഇടത്‌മുന്നണി സർക്കാരുമായി സമസ്‌ത സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്‌ത നേതാവ് അബ്‌ദു‌സമദ് പൂക്കോട്ടൂർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള‌ള തന്ത്രപരമായ സമീപനമായി ഇതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം മലപ്പുറത്ത് വച്ച് അഭിപ്രായപ്പെട്ടു. ഭരിക്കുന്ന സർക്കാരിനോട് വിദ്വേഷ സമീപനം സ്വീകരിക്കാതിരിക്കുകയാണിതെന്നും അബ്‌ദു സമദ് പൂക്കോട്ടൂ‌ർ പറയുന്നു.

കേരളത്തിൽ ഇപ്പോൾ ഭരിക്കുന്നത് പൂ‌ർണമായും കമ്മ്യൂണിസ്‌റ്റുകളല്ല. അവരിൽ മതവിശ്വാസികളുണ്ട്. മതവിശ്വാസികളടക്കം ഉള‌ള മുന്നണിയാണ് എൽ‌ഡി‌എഫ്. ഇക്കാര്യത്തിൽ ചിലർ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അബ്‌ദു സമദ് പൂക്കോട്ടൂ‌ർ അഭിപ്രായപ്പെട്ടു.

വഖഫ് നിയമന പ്രശ്‌നത്തിൽ മുസ്ളീംലീഗിനൊപ്പം സർക്കാരിനെതിരെ തിരിഞ്ഞ സമസ്‌ത പിന്നീട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് പിൻവാങ്ങിയിരുന്നു. അതേസമയം സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ സമസ്‌ത സർക്കാരിനെ അനുകൂലിക്കുകയും ചെയ്‌തിരുന്നു.

പദ്ധതിയുമായി മുന്നോട്ടുപോകുന്ന സ്ഥിതിക്ക് സർക്കാർ ജനങ്ങളുടെ ആശങ്കയകറ്റണം എന്നായിരുന്നു സംഘടന പ്രസിദ്ധീകരണത്തിലെ മുഖപ്രസംഗത്തിൽ സമസ്‌ത ആവശ്യപ്പെട്ടത്. പദ്ധതി വിവരങ്ങളറിയിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നും നാടിന്റെ ആവശ്യമാണ് പദ്ധതിയെന്ന് അറിയിക്കാൻ ഇതിലൂടെ കഴിയണമെന്നുമാണ് ഇക്കാര്യത്തിൽ സമസ്‌ത പ്രതികരിച്ചത്.