
സിഡ്‌നി: മുൻ പാക് ക്രിക്കറ്റ് നായകൻ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി ഓസ്ട്രേലിയൻ മുൻ താരം ഷെയ്‌ൻ വോൺ രംഗത്ത്. പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ മോശം പ്രകടനം പുറത്തെടുക്കുന്നതിന് ഒന്നരക്കോടി രൂപ മാലിക് തനിക്ക് വാഗ്ദാനം ചെയ്തുവെന്നാണ് ഷെയ്‌ൻ വോണിന്റെ ആരോപണം. ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന ഡോക്യുമെന്ററിയിലാണ് വോൺ ഇക്കാര്യം വെളിപ്പെടുത്തിയത്.
1994ൽ കറാച്ചിയിൽ നടന്ന ടെസ്റ്റിന്റെ നാലാം ദിവസമാണ് സംഭവം നടന്നത്. തങ്ങൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. മത്സരത്തിനിടയ്ക്ക് മാലിക് തന്നെ കാണണമെന്ന് അഭ്യർത്ഥിച്ചു. ഇത് പ്രകാരം താൻ അദ്ദേഹത്തിന്റെ മുറിയിലെത്തി. നല്ല മത്സരമാണല്ലേ നടക്കുന്നതെന്ന് മാലിക് തന്നോട് ചോദിച്ചു. അതെയെന്നും തങ്ങൾക്ക് മത്സരം ജയിക്കേണ്ടതുണ്ടെന്നും താൻ മറുപടിയും നൽകി. എന്നാൽ തങ്ങൾ കളി തോൽക്കുകയാണെങ്കിൽ പാകിസ്ഥാനിൽ എന്തു സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ലെന്നും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വീടുകൾ നാട്ടുകാർ കത്തിക്കുമെന്നും മാലിക് പറഞ്ഞു. ആയതിനാൽ താനും സഹതാരം ടിം മേയും മോശം പ്രകടനം പുറത്തെടുക്കണമെന്നും പ്രതിഫലമായി ഒന്നരകോടി രൂപ നൽകാമെന്നും മാലിക് പറഞ്ഞുവെന്ന് വോൺ വെളിപ്പെടുത്തി.
എന്നാൽ, ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലായിരുന്നു. അമ്പരന്നുപോയ താൻ മാലികിനെ ചീത്തവിളിച്ച് ഇറങ്ങിപ്പോയി. അന്നത്തെക്കാലത്ത് ഒത്തുകളിയെന്നത് കേട്ടുകേൾവിപോലുമല്ലാത്ത കാലമായിരുന്നെന്നും ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും വോൺ പറഞ്ഞു. ടിം മേയ് ഇക്കാര്യം പരിശീലകനായ ബോബ് സിംപ്‌സണെയും ക്യാപ്റ്റൻ മാർക്ക് ടെയ്‌ലറെയും അറിയിച്ചിരുന്നതായും വോൺ കൂട്ടിച്ചേർത്തു.