
മുംബയ് : 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് മത്സരത്തിന് ശേഷം ശാർദുൽ ഠാക്കൂർ വീട്ടിലേക്ക് മടങ്ങിയത് പതിവായി പോകുന്ന രീതിയിൽ ലോക്കൽ ട്രയിനിൽ കമ്പിയിൽ പിടിച്ച് നിന്നായിരുന്നു. നേട്ടങ്ങളിൽ അഹങ്കരിക്കാതെ കളിയിൽ മാത്രം ശ്രദ്ധ നൽകിയ ഈ യുവാവ് ഇന്ന് ടീം ഇന്ത്യയുടെ അഭിവാജ്യ ഘടകമായി മാറുകയാണ്. കഴിഞ്ഞ ഒരു വർഷമായി ശാർദുൽ ഠാക്കൂറിനെ ഇന്ത്യൻ ക്രിക്കറ്റിൽ തന്റേതായ ഒരു ഇടം കണ്ടെത്തി കഴിഞ്ഞു. മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ ഗബ്ബയിലെ ചരിത്ര വിജയം ഇന്ത്യയ്ക്ക് നൽകിയ ഈ കളിക്കാരൻ ഓവലിൽ രണ്ട് അർദ്ധ സെഞ്ച്വറികളുമായി പരമ്പരയിൽ ഇന്ത്യയെ ലീഡ് ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ദക്ഷിണാഫ്രിക്കയിൽ ഏഴ് വിക്കറ്റ് വീഴ്ത്തി ഷാർദുൽ ക്രിക്കറ്റ് ലോകത്തെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഇപ്പോഴും നേട്ടങ്ങളുടെ നെറുകയിൽ ശാർദുൽ ഠാക്കൂർ എത്തുമ്പോഴും പഴയ ട്രെയിൻ യാത്രയാണ്
അദ്ദേഹത്തിന്റേതായി ഇന്റർനെറ്റിൽ ഒന്നാമതെത്തുന്നത്. കാരണം ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ യാത്രയായിരുന്നു അത്. ഒരു ദേശീയ പത്രത്തിന് പിൽക്കാലത്ത് നൽകിയ അഭിമുഖത്തിൽ ആ യാത്രയെക്കുറിച്ച് ശാർദുൽ പറയുന്നത് ഇപ്രകാരമാണ്. അന്ധേരി സ്റ്റേഡിയത്തിൽ നിന്നും തന്റെ വസതിക്ക് സമീപമുള്ള പാൽഘർ സ്റ്റേഷനിലേക്കാണ് അന്ന് യാത്ര ചെയ്തത്.
'കംപാർട്ട്‌മെന്റിൽ ആളുകൾ എന്നെ തന്നെ നോക്കുന്നതും ഞാൻ ശരിക്കും 'ശാർദുൽ താക്കൂർ' ആണോ എന്ന് ചിന്തിച്ചുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. കുറച്ച് കോളേജ് കുട്ടികൾ പിന്നീട് എന്റെ ചിത്രം ഗൂഗിളിൽ പരിശോധിച്ച് ഉറപ്പാക്കി ഒരു സെൽഫി എടുക്കാൻ അനുവാദം ചോദിച്ചു ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ തങ്ങളോടൊപ്പം യാത്ര ചെയ്യുന്നത് പലരും അദ്ഭുതപ്പെടുത്തി. '