
കോട്ടയം:സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറുന്ന സംഘത്തിൽപെട്ട ഏഴുപേർ പിടിയിൽ. മെസഞ്ചറിലൂടെയും ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പുണ്ടാക്കി ഇതിലൂടെ പരിചയപ്പെടുന്ന തരത്തിലാണ് പിടിയിലായവർ പ്രവർത്തിച്ചിരുന്നത്. ആദ്യം പരിചയപ്പെടും പിന്നീട് നേരിൽ കാണാമെന്ന് അറിയിക്കും. നേരിൽ കാണുമ്പോൾ മറ്റുളളവരുടെ പങ്കാളികളുമായി സ്വന്തം പങ്കാളികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യും.
ഇത്തരത്തിൽ ഭർത്താവ് മറ്റുളളവരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതായുളള ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. അന്വേഷണത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുളള ഏഴ് പേർ പിടിയിലായി. ഇവരുടെ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതികളുണ്ടെന്നും ഇവരിൽ പ്രശസ്‌തരായവരും ഉന്നത പദവികൾ വഹിക്കുന്നവരുമുണ്ടെന്നാണ് വിവരം. തുടർന്ന് സംസ്ഥാനവ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.