
അടുക്കും ചിട്ടയും ഭംഗിയുമുള്ള അടുക്കളകള്‍ ആണ് വീടിന്റെ ഐശ്വര്യമെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും പ്രാഥമിക സംഭാവന നൽകുന്ന ഘടകമാണിത്. അതുകൊണ്ട് തന്നെ ഇവിടെ ഉണ്ടാകുന്ന ചെറിയ പിഴവുകൾ പോലും കുടുംബത്തെയാകെ ബാധിക്കാൻ ഇടയുണ്ട്. എന്നാൽ ചില വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ അടുക്കളയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാൻ കഴിയും. ചില മാർഗങ്ങളിതാ.
1. വാസ്തു പ്രകാരം അടുക്കള വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വീടിന്റെ മധ്യഭാഗം എന്നിവിടങ്ങളിൽ നിർമിക്കാൻ പാടില്ല. വീടിന്റെ തെക്കു കിഴക്കേമൂലയാണ് അഗ്നികോൺ എന്ന് അറിയപ്പെടുന്നത്. ഈ ഭാഗമാണ് അടുക്കളക്ക് ഉത്തമം.
2. അടുക്കളയ്ക്ക് മുകളിലോ താഴെയോ ടോയ്‌ലറ്റുകളും കുളിമുറിയും നിർമിക്കാൻ പാടില്ല. അടുക്കളയുടെ വാതിൽ ഒരിക്കലും ടോയ്‌ലറ്റിന്റെ വാതിലിന് അഭിമുഖമായി വരാതെ ശ്രദ്ധിക്കണം.
3. പൂജാമുറി അടുക്കളക്ക് സമീപമായോ, മുകളിലായോ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. അടുക്കള ഒരിക്കലും വീടിന്റെ പ്രധാന കവാടത്തിന് അഭിമുഖമാകരുത്.
5. ടോയ്‌ലറ്റും അടുക്കളയും ഒരിക്കലും ഒരു മതിലിന് ഇരുവശങ്ങളിലും ആകാൻ പാടില്ല. ഇത് താമസക്കാരന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
6. അടുക്കളയിൽ ഉപയോഗിക്കുന്ന അടുപ്പ് പുറത്ത് നിന്ന് കാണാൻ കഴിയാത്ത രീതിയിലാണ് സ്ഥാപിക്കേണ്ടത്.