shankar-rai

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മദ്യവ്യാപാരിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ. ദമോഹ് ജില്ലയിലെ വ്യാപാരിയായ ശങ്കർ റായുടെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപയാണ് പിടിച്ചെടുത്തത്.

Video: Madhya Pradesh Businessman Raided, 8 Crores Found In Water Tankerhttps://t.co/GYYuIU614B

— Anurag Dwary (@Anurag_Dwary) January 8, 2022

വീട്ടിലെ വാട്ടർ ടാങ്കിനകത്തടക്കം പണം ഒളിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ പണം ഉണക്കിയെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പണത്തിനുപുറമെ മൂന്ന് കിലോയുള്ള അഞ്ച് കോടി രൂപയുടെ മൂല്യം വരുന്ന ആഭരണങ്ങളും കണ്ടെത്തി. ടാങ്കിലെ ബാഗിൽ നിന്ന് ഒരു കോടി രൂപയും വീട്ടിലെ മറ്റ് ഇടങ്ങളിലായി ബാക്കി പണവും കണ്ടെത്തി.

ദമോഹ് നഗർ പാലിക ചെയർമാനായിരുന്നു റായ്. കോൺഗ്രസിന്റെ പിന്തുണയോടുകൂടിയാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശങ്കർ റായുടെ സഹോദരൻ കമൽ റായ് ബി ജെ പി പിന്തുണയോടെ ദമോഹ് നഗർ പാലിക വൈസ് ചെയർമാൻ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. 39 മണിക്കൂർ റെയ്ഡിനൊടുവിലാണ് പണവും ആഭരണങ്ങളും പിടിച്ചെടുത്തത്.

ശങ്കർ റായിക്ക് 36 ഓളം ബസുകളുണ്ട്. ഇവയെല്ലാം തൊഴിലാളികളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റായ് മദ്ധപ്രദേശിൽ കൈവശംവച്ചിരിക്കുന്ന ആസ്തികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ക്കെതിരെ അന്വേഷണം തുടരുമെന്ന് ആദായ നികുതി വകുപ്പ് ജബൽപൂർ വിഭാഗം ജോയിന്റ് കമ്മീഷണർ മുൻ മുൻ ശർമ അറിയിച്ചു.