
ലക്നൗ : കഴിഞ്ഞ ദിവസം യു പി ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഒമിക്രോൺ ഉൾപ്പടെയുള്ള കൊവിഡ് വകഭേദങ്ങൾ ഭീഷണിയായ സാഹചര്യത്തിൽ പാർട്ടികൾ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്നത് നിരോധിച്ചിട്ടുമുണ്ട്. കൊവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ജനുവരി 15 വരെ എല്ലാ റാലികളും റോഡ്‌ഷോകളും പദയാത്രകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.
പതിനഞ്ചിന് ശേഷം കൊവിഡ് സ്ഥിതി കണക്കിലെടുത്താവും ഈ തീരുമാനത്തിൽ മാറ്റം വരുത്തണമോ എന്ന് നിശ്ചയിക്കുക. എന്നാൽ കൊവിഡ് കേസുകൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇപ്രാവശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളെല്ലാം ഓൺലൈനാവുകയാണ് . ഇത് യു പിയിലെ രാഷ്ട്രീയ പാർട്ടികളെ എങ്ങനെയാണ് ബാധിക്കുക എന്ന് പരിശോധിക്കാം.
യു പിയിൽ ഫെബ്രുവരി 10 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാർട്ടികൾ ഡിജിറ്റൽ പ്രചാരണത്തിന് ഒരുങ്ങുമ്പോൾ ബി ജെ പി അതിവേഗം മുന്നൊരുക്കങ്ങൾ നടത്തിയ അവസ്ഥയിലാണ്. ദേശീയ പാർട്ടിയായ ബി ജെ പിക്ക് മറ്റ് സംസ്ഥാനങ്ങളിൽ മുൻപ് പരീക്ഷിച്ച ഓൺലൈൻ പ്രചരണ വിദ്യകൾ അനായാസം ഉത്തർപ്രദേശിലേക്ക് കൊണ്ട് വരാനാവും. ഓൺലൈൻ പ്രചരണങ്ങളിലെ നേട്ടവും കോട്ടവുമെല്ലാം ബി ജെ പി നന്നായി അറിയാവുന്നത് അവർക്ക് ഗുണകരമാവും. യുപിയിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ബി ജെ പി പ്രചരണം നടത്തുക.
'വെർച്വൽ റാലി'കൾക്ക് 3ഡി സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഇരിക്കുന്ന നേതാക്കളെ ഒരു പോഡിയത്തിൽ കാണിക്കാൻ കഴിയുന്ന സ്റ്റുഡിയോ മിക്സ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ബിജെപി പദ്ധതിയിടുന്നതെന്ന റിപ്പോർട്ടുകൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിടുന്നു.
യുപിയിൽ ഓൺലൈൻ പ്രചരണത്തിന്റെ സാദ്ധ്യതകൾ മുൻകൂട്ടി കണ്ട് കുറച്ചുകാലമായി ബിജെപി അനുഭാവികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ട്വിറ്റർ ഹാൻഡിലുകളും പ്രവർത്തന സജ്ജമാണ്. 1.5 ലക്ഷത്തിലധികം ബൂത്ത് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ പാർട്ടിക്ക് ഇതിനകം ഉണ്ട്. വെർച്വൽ റാലികൾ നടത്താൻ ഇത് ധാരാളമാണ്. ഇതിന് പുറമേ പ്രാദേശിക തലത്തിൽ പ്രചാരണത്തിന് വാർ റൂമുകളും ഉണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ പാർട്ടിക്ക് അനുകൂലമായി പൊതുജന പിന്തുണ തേടും.
അതേസമയം യു പിയിൽ ബി ജെ പിയുടെ മുഖ്യ എതിരാളിയായ സമാജ്‌വാദി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ തുടർന്ന് ഓൺലൈൻ പ്രചരണത്തിനുള്ള വെർച്വൽ റാലികൾ ആസൂത്രണം ചെയ്ത് തുടങ്ങി. ഇതിനായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി പ്രവർത്തകർ നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരാൻ ആളുകളെ ക്ഷണിച്ചുകൊണ്ട് ലിങ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിലൂടെ ജനങ്ങളിലേക്ക് എത്താനാണ് പാർട്ടി തയ്യാറെടുക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ സോഷ്യൽ മീഡിയ വാർറൂം സജീവമായിരുന്നുവെന്നും പാർട്ടി നേതാക്കൾ പറയുന്നു.
അതേസമയം കൊവിഡ് കണക്കിലെടുത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ തന്റെ എല്ലാ റാലികളും പരിപാടികളും 15 ദിവസത്തേക്ക് മാറ്റി വച്ചിരുന്നു. തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം. 'പ്രിയങ്ക കേ സാത്ത് ലൈവ്' എന്ന പരിപാടിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജനങ്ങളുമായി സംവദിക്കുന്ന ഫേസ്ബുക്ക് ലൈവ് സെഷനുകൾ പാർട്ടി നടത്തുന്നുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ വെട്ടിലായിരിക്കുന്നത് ബിഎസ്പിയാണ്. എതിരാളികളെ അപേക്ഷിച്ച് വെർച്വൽ പ്രചാരണത്തിൽ പാർട്ടി ഏറെ പിന്നിലാണ്. തുടർന്ന് ഗ്രാമപ്രദേശങ്ങളിൽ എൽഇഡി സ്‌ക്രീനുള്ള വാനുകളും ട്രക്കുകളും ഉപയോഗിച്ച് വീഡിയോകൾ പ്രദർശിപ്പിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് അവരുടെ തീരുമാനം. അതേസമയം ബി ജെ പിക്ക് തലവേദനയുണ്ടാക്കും എന്ന് കരുതിയ ചെറിയ പാർട്ടികൾ വെർച്വൽ പ്രചാരണം ആയതോടെ പിന്നിലാണ്.