
കണ്ണൂർ: സ്വയം ഗുണ്ടയാണെന്ന് അവകാശപ്പെട്ടെത്തിയ യുവാവും സംഘവും നടത്തിയ ആക്രമണത്തിൽ പെട്രോൾ പമ്പ് ജീവനക്കാരന് പരിക്ക്. എച്ചൂരിൽ പെട്രോൾ പമ്പിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിൽ സ്വയം ഗുണ്ടയാണെന്ന് അവകാശപ്പെട്ടെത്തിയ യുവാവും സംഘവും ഭീഷണിപ്പെടുത്തിയ ശേഷം പമ്പിലെ ജീവനക്കാരനായ പ്രദീപിനെ ആക്രമിക്കുകയായിരുന്നു.
'നീ ആരെന്ന് വിചാരിച്ചാണ് കളിക്കുന്നത്. എന്റെ പേരറിയാമോ? കണ്ണൂർ ഭദ്രൻ.കണ്ണൂർ ഭദ്രനെ അറിയാത്തവരുമായി ആരുമുണ്ടാകില്ല. പൊലീസ് കേസ് എനിക്ക് പുല്ലാണ്. വേണമെങ്കിൽ എന്നെ പൊലീസ് പിടിച്ചുകൊണ്ടുപോകും പക്ഷെ ഞാൻ ഇറങ്ങും.' ഗുണ്ടയെന്ന് പറഞ്ഞയാൾ വീഡിയോയിൽ ഇങ്ങനെയാണ് പറഞ്ഞത്. തുടർന്ന് പ്രദീപിനെ ഇവർ ആക്രമിച്ചു.
എന്നാൽ സംഭവം ഗുണ്ടാ ആക്രമണമല്ലെന്നും സ്വത്ത് വീതം വയ്‌പ്പുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. പണം നൽകാത്തതിന് പ്രദീപിനെ വിരട്ടാനെത്തിയതാണ് സംഘം. മർദ്ദനവുമായി ബന്ധപ്പെട്ട് കുറച്ചുപേരെ ചക്കരക്കല്ല് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കണ്ണൂർ ഭദ്രൻ എന്ന പേരിൽ ഒരു ഗുണ്ടയോ ക്വട്ടേഷൻ സംഘമോ ഇല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.