birth-day-party-

അഹമ്മദാബാദ് : ഗുജറാത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വളർത്തുനായയുടെ ജന്മദിന പാർട്ടിക്ക് ആളെ കൂട്ടിയ രണ്ട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. നായയുടെ ജന്മദിന പാർട്ടിയിൽ നിരവധിയാളുകളെ ഇവർ ക്ഷണിച്ചിരുന്നു. അഹമ്മദാബാദ് സ്വദേശികളായ ചിരാഗ് പട്ടേലും (24) സഹോദരൻ ഉർവീഷ് പട്ടേലും (19) ചേർന്നാണ് തങ്ങളുടെ വളർത്ത് നായയ്ക്ക് പിറന്നാൾ പാർട്ടി നൽകിയത്. ഇന്ത്യൻ സ്പിറ്റ് ഇനത്തിലുള്ള നായയുടെ രണ്ടാം ജന്മദിനം ആഘോഷിക്കാൻ ഒരു ആഡംബര പാർട്ടിയാണ് സഹോദരങ്ങൾ തയ്യാറാക്കിയത്.

കൊവിഡ്19 ആശങ്കകൾക്കിടയിൽ വളർത്തുനായയ്ക്ക് ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് പിറന്നാൾ ആഘോഷം നടത്തിയത്. ഇതിനായി ഒരു വലിയ പ്ലോട്ട് ബുക്ക് ചെയ്തു, വേദി പൂക്കളും ബലൂണുകളും പോസ്റ്ററുകളും വളർത്തുമൃഗത്തിന്റെ കട്ടൗട്ടുകളും കൊണ്ട് അലങ്കരിച്ചിരുന്നു. പാർട്ടിയിൽ ഒരു ജനപ്രിയ ഗായകൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആഘോഷത്തിനിടെ ഒരു കേക്ക് മുറിക്കുകയും ആളുകൾ കറൻസി നോട്ടുകൾ വായുവിലേക്ക് എറിയുകയും ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Gujarat | 3 accused arrested for allegedly flouting COVID19 norms after a video went viral of Chirag alias Dago Patel celebrating his pet dog's birthday, spending approx Rs 7 lakh, at Madhuvan Green Party Plot in Ahmedabad: Gujarat Police

(Pic 1,2,3: Screengrab from viral video) pic.twitter.com/xclnkeb5PJ

— ANI (@ANI) January 8, 2022

ബർത്ത് ഡേ പാർട്ടിയിൽ സാമൂഹിക അകലം പാലിക്കുവാനും, മാസ്‌ക് ധരിക്കാനും ആളുകൾ തയ്യാറായില്ല. എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരം കേസെടുക്കുകയും, അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഗുജറാത്തിൽ 5,396 പുതിയ കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. തുടർന്ന് സർക്കാർ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നഗരങ്ങളിൽ രാത്രി കർഫ്യൂ സമയം നീട്ടുകയും ചെയ്തിട്ടുണ്ട്.