
മുംബയ്:സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറുമൊത്തുള്ള തന്റെ ചിത്രം പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ്. സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. അതിനാൽ മാദ്ധ്യമങ്ങളും സുഹൃത്തുക്കളും ആ ചിത്രം പ്രചരിപ്പിക്കരുത്. ഈ രാജ്യം എനിക്കു വളരെ അധികം സ്നേഹവും ബഹുമാനവും നൽകി. എന്നാൽ, ഇപ്പോൾ കടന്നു പോകുന്നത് മോശം അനുഭവങ്ങളിലൂടെയാണ്. ഉടൻ തന്നെ ഞാൻ തിരിച്ചുവരും. നിങ്ങൾ സ്നേഹിക്കുന്നവർക്കുവേണ്ടി ചെയ്യുന്നതുപോലെ എനിക്കുവേണ്ടിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജാക്വലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 സംഭവം ഇങ്ങനെ
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതികളാണ് ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. ഇരുവരും നിലവിൽ ജയിലിലാണ്. ഇതിനിടെ ജ്വാക്വലിനുമായി സുകേഷ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സുകേഷും ജാക്വലിനുമായുള്ള സ്വകാര്യചിത്രം പുറത്തു വന്നിതിനെ തുടർന്ന് ജാക്വലിനെ ഏഴു മണിക്കൂറിലേറെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.