
പാലക്കാട്: ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ പുലിക്കുട്ടികളെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നും കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഉമ്മിനിയിലാണ് സംഭവം. രണ്ട് പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്. തളളപ്പുലിയെ കണ്ടെത്തിയില്ല. മാധവൻ എന്നയാളുടെയാണ് വീട്. ഇയാൾ കുടുംബത്തോടൊപ്പം കഴിഞ്ഞ 15 വർഷമായി ഗുജറാത്തിലാണ് താമസം.
പ്രദേശത്തെ കിണറ്റിൻകരയിലൂടെ തളളപ്പുലി ഓടിപ്പോകുന്നത് കണ്ട നാട്ടുകാരനായ പൊന്നനാണ് ആദ്യമായി പുലിയെ കണ്ട വിവരം അറിയിച്ചത്. തുടർന്ന് അകത്തേത്തറ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.
പിന്നീട് വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. തളളപ്പുലിയ്‌ക്കായി കൂട് സ്ഥാപിക്കുമെന്നും പരിശോധന തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. പുലിക്കുഞ്ഞുങ്ങളെ ഡിഎഫ്‌ഒ ഓഫീസിലേക്കും പിന്നീട് പാലക്കാട് മൃഗാശുപത്രിയിലേക്കും മാറ്റി.