
കോഴിക്കോട്: കഴിഞ്ഞ വർഷം ഐ ലീഗ് ഫുട്ബാളിൽ ശ്രദ്ധിക്കപ്പെട്ട സ്ട്രൈക്കർമാരിൽ ഒരാളായ ലൂക്കാ മേജ്സെനുമായി നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി കരാറിലെത്തി. കഴിഞ്ഞ വർഷം ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ചർച്ചിലിന്റെ ടോപ് സ്‌കോറർ ആയിരിന്നു സ്ലോവേനിയൻ മുന്നേറ്റനിരക്കാരനായ ലൂക്കാ. ചർച്ചിലിനു വേണ്ടി 11 ഗോളുകൾ കഴിഞ്ഞ സീസണിൽ നേടിയിട്ടുണ്ട്. ഈ വർഷത്തെ ഐ ലീഗ് യോഗ്യതാ മത്സരങ്ങളിൽ ബംഗളൂരു യുണൈറ്റഡിന് വേണ്ടിയും 32കാരനായ ലൂക്കാ ബൂട്ട് കെട്ടിയിരുന്നു.
"ഐ ലീഗിൽ കഴിഞ്ഞ വർഷം ചാമ്പ്യന്മാരായ ക്ലബ്ബിന്റെ ഭാഗമാകുന്നതിൽ വളരെ സന്തോഷം ഉണ്ട്. കോച്ച് അന്നീസയുടെ കീഴിൽ ഇനിയും ട്രോഫികൾ നേടുവാൻ ഈ ക്ലബിന് കഴിയും. എ എഫ് സിയിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ," ലൂക്കാ പറഞ്ഞു.
"കഴിഞ്ഞ വർഷം ചർച്ചിലിനു വേണ്ടി മികച്ച പ്രകടനമായിരുന്നു ലൂക്കാ കാഴ്ചവച്ചത്. ലൂക്കയുടെ വരവോടെ ഗോകുലം കൂടുതൽ ശക്തിപ്പെടും. തനിക്ക് ഗോൾ അടിക്കാനുള്ള കഴിവുണ്ടെന്ന് കഴിഞ്ഞ സീസണിൽ തന്നെ അദ്ദേഹം തെളിയിച്ചതാണ്," ഗോകുലം പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.