
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ അത്ര സുഖകരമായ ഓർമകളല്ല ഇന്ത്യക്കുള്ളത്. ഇവിടെ ഇതിനുമുമ്പ് കളിച്ച അഞ്ച് ടെസ്റ്റുകളിൽ ഒരെണ്ണത്തിൽ പോലും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. പേസർമാരെ അതിരില്ലാതെ സഹായിക്കുന്ന കേപ്ടൗണിൽ പക്ഷേ ഇന്ത്യൻ ബൗളർമാരെക്കാളും നിർണായകമാകുക ബാറ്റർമാരുടെ പ്രകടനമായിരിക്കും. ആദ്യ രണ്ട് ടെസ്റ്റിലും ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും മത്സരത്തിന്റെ ഫലത്തെ സ്വാധീനിച്ചത് ബാറ്റർമാരുടെ പ്രകടനമായിരുന്നു.
ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിന്റെ ഒരൊറ്റ സെഷനിൽ കെ എൽ രാഹുലും മായങ്ക് അഗർവാളും നടത്തിയ ചെറുത്തുനിൽപ്പായിരുന്നു ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അതുപോലെ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ക്യാപ്ടൻ ഡീൻ എൾഗാർ നടത്തിയ പ്രത്യാക്രമണമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയത്തിലും നിർണായക സ്വാധീനം ചെലുത്തിയത്. മൂന്നാം ടെസ്റ്റിലും സമാനമായ രീതിയിലായിരിക്കും കളിയുടെ ഗതിയെന്ന് കരുതാം. ബൗളർമാർ അരങ്ങ് തകർത്താലും ബാറ്റർമാരുടെ പ്രകടനമായിരിക്കും നിർണായകമാകാൻ സാദ്ധ്യത.
ഇന്ത്യൻ നിരയിൽ ക്യാപ്ടൻ വിരാട് കൊഹ്ലി മടങ്ങിവരുമ്പോൾ ഹനുമാ വിഹാരിക്ക് തന്റെ സ്ഥാനം നഷ്ടപ്പെടാനാണ് സാദ്ധ്യത. നിരവധി ഇന്നിംഗ്സുകളിൽ പരാജയമായിരുന്നെങ്കിൽ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറികൾ നേടിയതോടെ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും താത്ക്കാലികമായെങ്കിലും തങ്ങളുടെ ടീമിലെ സ്ഥാനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ട്.
ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജ് പുറത്തിരുന്നേക്കാം. രണ്ട് ടെസ്റ്റുകളിലും സിറാജിന്റെ പ്രകടനം തൃപ്തികരമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പ്രത്യേകിച്ച് ലോകോത്തര ബൗളർമാരായ ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും ഡ്രെസിംഗ് റൂമിൽ ഇരിക്കുമ്പോൾ ഒരു മത്സരത്തിലെ മോശം പ്രകടനം തന്നെ പുറത്തേക്കുള്ള വഴിക്ക് മതിയായ കാരണമാണ്. സിറാജിന് പകരം ഉമേഷ് യാദവോ ഇഷാന്ത് ശർമ്മയോ ടീമിലെത്താൻ സാദ്ധ്യതയുണ്ട്.
ചൊവ്വാഴ്ചയാണ് മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ്. നിലവിൽ ഓരോ മത്സരങ്ങൾ വിജയിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും 1-1 എന്ന നിലയിൽ സമനിലയിലാണ്. അവസാന ടെസ്റ്റ് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും.