
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടാനുള്ള പ്രധാന കാരണം ക്യാപ്ടൻസിയിലെ ചില പിഴവുകളായിരുന്നെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കെ എൽ രാഹുലിന് പകരം അജിങ്ക്യ രഹാനെ ടീമിനെ നയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യക്ക് വിജയിക്കുവാൻ സാധിക്കുമായിരുന്നെന്ന് ജാഫർ ട്വീറ്റ് ചെയ്തു.
അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ കളിച്ച ഒരു ടെസ്റ്റിലും ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. രഹാനെയുടെ ഈ റെക്കാഡാണ് താരത്തിന് അനുകൂലമായി സംസാരിക്കാൻ ജാഫറിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ക്യാപ്ടനായുള്ള രഹാനെയുടെ മുൻകാല പ്രകടനങ്ങൾ സെലക്ടർമാർക്കും ഇന്ത്യൻ മാനേജ്മെന്റിനും എങ്ങനെ ഇത്രപെട്ടെന്ന് മറക്കാൻ സാധിച്ചുവെന്നും ജാഫർ ചോദിച്ചു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തൊട്ടുമുമ്പാണ് കെ എൽ രാഹുലിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനായി സെലക്ടർമാർ നിയമിച്ചത്. മോശം ഫോമിൽ തുടർന്നിരുന്ന രഹാനെ ടീമിൽ തുടരുന്നത് വൈസ് ക്യാപ്ടൻ പദവിയുള്ളത് കൊണ്ട് മാത്രമാണെന്ന് ഇതിന് മുമ്പ് ആരോപണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രഹാനെയെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പായി ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് പരിക്കേറ്റതോടെയാണ് വൈസ് ക്യാപ്ടനായിരുന്ന കെ എൽ രാഹുലിന് ടീമിനെ നയിക്കാനുള്ള നറുക്ക് വീഴുന്നത്. എന്നാൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ കെ എൽ രാഹുലിന്റെ ബൗളർമാരെ ഉപയോഗിക്കുന്നത് അടക്കമുള്ള പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിരുന്നു.