v

ബംഗളൂരു: കർണാടകയിൽ മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് 10 ദിവസം നീണ്ട് നിൽക്കുന്ന പ്രതിഷേധ മാർച്ച് ഇന്നലെ ആരംഭിച്ചു. രാമനഗര ജില്ലയിലെ മേക്കേദാട്ടുവിൽ നിന്ന് ബംഗളൂരുവിലേക്ക് 15 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 179 കിലോമീറ്റർ യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പ്രതിഷേധങ്ങളും റാലികളും ധർണകളും നിരോധിച്ചിട്ടുണ്ട്. പക്ഷേ, യാത്രയുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെയും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെയും തീരുമാനം.

മേക്കേദാട്ടുവിൽ കാവേരി നദിക്കുകുറുകെ അണക്കെട്ട് നിർമ്മിച്ച് ബംഗളൂരുവിലും പരിസരങ്ങളിലും 4.75 ടി.എം.സി. അളവിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.

അതേസമയം,​ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പതിനായിരങ്ങൾ ഇന്നലെ മാർച്ചിൽ പങ്കെടുത്തതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് മാർച്ച് നയിച്ചത്.