
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് വലൻസിയയെ കീഴടക്കി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് ഗോളുകൾ വീതം നേടി വിനീഷ്യസ് ജൂനിയറും കരിം ബെൻസേമയും ചേർന്നാണ് റയലിന് തകർപ്പൻ വിജയമൊരുക്കിയത്. 43-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബെൻസേമയാണ് സ്കോറിംഗ് തുടങ്ങിയത്.52,61 മിനിട്ടുകളിലാണ് വിനീഷ്യസ് വലകുലുക്കിയത്. 76-ാം മിനിട്ടിൽ വലൻസിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 88-ാംമിനിട്ടിൽ ബെൻസേമ റയലിന്റെ വിജയം ആധികാരികമാക്കി.
മറ്റൊരു മത്സരത്തിൽ ബാഴ്സലോണയെ ഗ്രനാഡ 1-1ന് സമനിലയിൽ പിടിച്ചു. 21മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായാണ് റയൽ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. 20 കളികളിൽ നിന്ന് 32 പോയിന്റുള്ള ബാഴ്സലോണ ആറാമതാണ്.