
പനാജി: എ ടി കെ ടീമിലെ ഒരു താരത്തിന് കൊവിഡ് ബാധിച്ചത് മൂലം ഒഡീഷ എഫ് സിയുമായുള്ള മത്സരം മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെ ഒരു എ ടി കെ താരം ബയോ ബബിൾ ലംഘിച്ച് ഗോവയിലെ നൈറ്റ് ക്ളബിൽ ഇരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എ ടി കെ തങ്ങളുടെ ബയോ ബബിൾ കർശനമായി പിന്തുടരാത്തതാണ് കളിക്കാരന് കൊവിഡ് വരാനുള്ള കാരണമെന്ന തരത്തിൽ ആക്ഷേപവുമുയർന്നിരുന്നു. ഇതിനെ തുടർന്ന് ഐ എസ് എല്ലിലെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് എഫ് എസ് ഡി എൽ.
ഇനി മുതൽ കൊവിഡ് വന്നുവെന്ന കാരണത്താൽ മത്സരം മാറ്റിവയ്ക്കില്ലെന്ന് ഐ എസ് എൽ സംഘാടകരായ എഫ് എസ് ഡി എൽ ടീമുകളെ അറിയിച്ചു. ഏതെങ്കിലും കളിക്കാർക്ക് കൊവിഡ് ബാധിച്ചാൽ അവരെയും ക്വാറന്റൈനിലുള്ളവരെയും ഒഴിവാക്കി മറ്റ് കളിക്കാരുമായി മത്സരത്തിന് ഇറങ്ങണം. മത്സരത്തിന് മുമ്പായി പതിനഞ്ച് പേരുടെ ടീമിനെ പ്രഖ്യാപിക്കാൻ സാധിക്കാതെ വന്നാൽ ആ ടീം 3-0ന് തോറ്റതായി കണക്കാകും. രണ്ട് ടീമുകളിലും മതിയായ കളിക്കാരില്ലെങ്കിൽ മത്സരം സമനിലയായി കണക്കാക്കും. അങ്ങനത്തെ സാഹചര്യത്തിൽ ഇരു ടീമുകളും ഗോളടിക്കാത്തതായി കണക്കാക്കുകയും ചെയ്യുംമെന്ന് എഫ് എസ് ഡി എൽ വ്യക്തമാക്കി.
കൊവിഡ് നിബന്ധനകൾ കൂടുതൽ കർശനമാക്കുന്നതോടെ ടീമുകൾ തങ്ങളുടെ ബയോ ബബിൾ കൂടുതൽ സുരക്ഷിതമാക്കാൻ ശ്രമിക്കുമെന്ന് കരുതുന്നതായി ഐ എസ് എൽ സംഘാടകർ കരുതുന്നു.