
തിരുവനന്തപുരം: കൊവിഡിൽ സ്‌തംഭിച്ചിരുന്ന കായികരംഗത്തിന് പുത്തൻ ഉണർവ് പകർന്ന ജില്ലാ ഒളിമ്പിക് ഗെയിംസ് സമാപിച്ചു. ഏഴുദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിലൂടെ കേരളം രാജ്യത്തിനു തന്നെ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കായിക മേഖലയുടെ വളർച്ചയ്ക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാവിധ പിന്തുണയും മന്ത്രി ഉറപ്പുനൽകി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ ചടങ്ങിൽ അദ്ധ്യക്ഷനായി. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഒളിമ്പിക്‌സിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 ഇനങ്ങളിലാണ് ജില്ലാ ഒളിമ്പിക്‌സ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഫുട്ബാൾ, വോളിബാൾ, ബാസ്‌കറ്റ് ബാൾ തുടങ്ങിയ മത്സരങ്ങളിൽ ജില്ലയിലെ പ്രമുഖ ടീമുകൾ രംഗത്തിറങ്ങിയത് കായികപ്രേമികൾക്ക് ആവേശമായി. അത്‌ലറ്റിക്, നീന്തൽ മത്സരങ്ങളിൽ പുതിയ താരോദയങ്ങൾക്കും ജില്ലാ ഒളിമ്പിക്‌സ് സാക്ഷിയായി.