
തിലക് മൈതാൻ: പരസ്പരം വിട്ടുകൊടുക്കാതെ കേരളാ ബ്‌ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും ആക്രമിച്ച് മുന്നേറിയപ്പോൾ ഐ എസ് എൽ ആരാധകർക്ക് ലഭിച്ചത് ആക്രമണ ഫുട്ബാളിന്റെ ഒരുപിടി മനോഹര നിമിഷങ്ങൾ. ഇന്ന് ഗോവയിൽ നടക്കുന്ന കേരളാ ബ്‌ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും തമ്മിലുള്ള ഐ എസ് എല്ലിന്റെ പത്താം റൗണ്ട് മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ അൽവാരോ വാസ്ക്വസിന്റെ തകർപ്പൻ ഗോളിൽ കേരളാ ബ്‌ളാസ്റ്റേഴ്സ് 1-0 ന് മുന്നിലാണ്.
മത്സരത്തിന്റെ 43ാം മിനിട്ടിലാണ് ബ്‌ളാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്. കോർണർ പോസ്റ്റിന് തൊട്ടടുത്ത് നിന്ന് ഹർമൻജ്യോത് ഖബ്ര എടുത്ത നീണ്ട ത്രോ സഹൽ പിന്നിലേക്ക് ഹെഡ് ചെയ്തു. അവസരം കാത്ത് ഹൈദരാബാദ് ബോക്സിനുള്ളിൽ നിന്ന വാസ്ക്വസ് ഒരു വോളിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഇന്ന് വിജയിച്ചാൽ ബ്‌ളാസ്റ്റേഴ്സിന് പൊയിന്റ് നിലയിൽ ഒന്നാമതെത്താൻ സാധിക്കും. കഴിഞ്ഞ കുറേ സീസണുകളിലെ പരാജയത്തിന് ശേഷം ബ്‌ളാസ്റ്റേഴ്സ് ആരാധകർക്ക് ലഭിക്കുന്ന വലിയൊരു ആശ്വാസമായിരിക്കും പൊയിന്റ് നിലയിലെ ഒന്നാം സ്ഥാനം.