blasters

ഹൈദരാബാദ് എഫ്.സിയെ തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനത്ത്

വിജയ ഗോളടിച്ചത് 42-ാം മിനിട്ടിൽ അൽവാരോ വസ്ക്വേസ്

മഡ്ഗാവ് : കേരളത്തിലെ ഫുട്ബാൾ ആരാധകർക്ക് പുത്തനുണർവ് നൽകി കേരള ബ്ളാസ്റ്റേഴ്സ് പല സീസണുകൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്നലെ ഗോവയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ്.സിയെ കീഴടക്കിയാണ് ബ്ളാസ്റ്റേഴ്സ് ഒന്നാമതെത്തിയത്. കഴിഞ്ഞ സീസണുകളിലൊക്കെ പ്ളേ ഓഫിലേക്ക് എത്താൻ പോലുമാകാതെ പോയിന്റ് പട്ടികയിൽ താഴേത്തട്ടിൽ പെട്ടുപോയ മഞ്ഞപ്പടയുടെ പുനർജനിക്കാണ് പുതിയ കോച്ച് വുകോമനോവിച്ചിന് കീഴിൽ ഈ സീസൺ സാക്ഷ്യം വഹിക്കുന്നത്.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ ആവേശം കാട്ടിയ ബ്ളാസ്റ്റേഴ്സിന് വേണ്ടി 42-ാം മിനിട്ടിൽ അൽവാരോ വസ്ക്വേസാണ് സ്കോർ ചെയ്തത്. 39-ാം മിനിട്ടിൽ ജോർജ് പെരേരയുടെ ഒരു പാസിൽ നിന്ന് അഡ്രിയാൻ ലൂക്കയുടെ ഒരു ഷോട്ട് ഹൈദരാബാദിന്റെ വലയ്ക്ക് സമീപത്തുകൂടി പോയിരുന്നു. പിന്നാലെ നടത്തിയ മുന്നേറ്റത്തിലാണ് വസ്ക്വേസിന്റെ ഗോൾ പിറന്നത്. പന്തുമായി ബോക്സിനുള്ളിലേക്ക് കടന്നുകയറിയ വസ്ക്വേസ് തകർപ്പനൊരു ഇടംകാലനടിയിലൂടെയാണ് പന്ത് വലയിലാക്കിയത്.

ഈ ഗോളിന് ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ വിജയമുറപ്പിക്കാനായി പതിയെ പ്രതിരോധത്തിലേക്ക് നീങ്ങുകയായിരുന്നു. സമനില പിടിക്കാൻ ഹൈദരാബാദ് പതിനട്ടടവും പയറ്റിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധനിരയുടെ കണിശതയ്ക്ക് മുന്നിൽ നിഷ്പ്രഭമായിപ്പോയി. അവസാന സമയത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഹൈദരാബാദ് ബ്ളാസ്റ്റേഴ്സിന്റെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ളാഗ് ഉയർത്തിയത് മഞ്ഞപ്പടയുടെ ആരാധകർക്ക് ആശ്വാസം പകർന്നു.

ഈ വിജയത്തോടെ ബ്ളാസ്റ്റേഴ്സിന് പത്ത് മത്സരങ്ങളിൽ നിന്ന് 17 പോയിന്റായി. 17 പോയിന്റ് തന്നെയുള്ള മുംബയ് സിറ്റിയെ ഗോൾമാർജിനിൽ മറികടന്നാണ് ബ്ളാസ്റ്റേഴ്സ് ഒന്നാമതെത്തിയത്. ഹൈദരാബാദ് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒഡിഷയുമായാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

9

ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സ് തോൽവിയറിയാതെ പൂർത്തിയാക്കുന്ന ഒൻപതാമത്തെ മത്സരമാണിത്. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച തോൽവി അറിയാത്തുടർച്ചയാണിത്.

സീസണിലെ ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് 2-4ന് തോറ്റാണ് ബ്ളാസ്റ്റേഴ്സ് തുടങ്ങിയത്.

തുടർന്നുള്ള ഒൻപത് മത്സരങ്ങളിൽ നാലു വിജയങ്ങൾ അഞ്ച് സമനിലകൾ.

2014

സീസണിന് ശേഷം ആദ്യമായാണ് ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നത്.