
റിയാദ്: അഞ്ചുവർഷമായി തനിക്കുവരുന്ന വിവാഹാലോചനകൾക്ക് പിതാവ് തടസം നിൽക്കുന്നുവെന്ന പരാതിയുമായി കോടതിയെ സമീപിച്ച് 40കാരി. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി യുവാക്കളാണ് യുവതിക്ക് വിവാഹ ആലോചനയുമായി വന്നത്. എന്നാൽ അവയെല്ലാം പിതാവ് പല കാരണങ്ങള്‍ പറഞ്ഞ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ വന്ന ഒരു വിവാഹാലോചനയും ഇതുപോലെ മുടക്കിയപ്പോഴാണ് പിതാവിനെതിരെ യുവതി കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി ആദ്യ സിറ്റിംഗില്‍ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും ചെയ്തു.
ഒരു മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവാണ് ഏറ്റവുമൊടുവില്‍ വിവാഹമാലോചിച്ച് വന്നത്. അദ്ദേഹത്തെ തനിക്ക് ഇഷ്‍ടമായെന്നും വിവാഹം നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. തനിക്ക് പ്രായമേറി വരുന്നതിനാല്‍ വിവാഹം കഴിക്കാനും കുടുംബ ജീവിതം നയിക്കാനുമുള്ള തന്റെ ആഗ്രഹം ഒരിക്കലും നടക്കാതെയായിപ്പോകുമോ എന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു. . തന്റെ രക്ഷാകര്‍തൃത്വം പിതാവില്‍ നിന്ന് മാറ്റണമെന്നും യുവതി ആവശ്യപ്പെട്ടു. കോടതി പിതാവിനോട് ഇക്കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹവും അത് സമ്മതിച്ചു. യുവതി കുടുംബാംഗങ്ങളെ അനുസരിക്കുന്നില്ലെന്നും. ഇപ്പോഴത്തെ വിവാഹം നടത്താന്‍ താന്‍ സമ്മതിക്കില്ലെന്നും അത് തങ്ങളുടെ കുടുംബത്തിന് ചേര്‍ന്ന ആലോചനയല്ലെന്നും പിതാവ് വാദിച്ചു. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കോടതി ശ്രമിച്ചെങ്കിലും പിതാവ് വഴങ്ങിയില്ല. ഇതോടെ യുവതിയെ വിവാഹം കഴിപ്പിക്കാനുള്ള പിതാവിന്റെ രക്ഷാകര്‍തൃത്വ അവകാശം കോടതി റദ്ദാക്കുകയായിരുന്നു. പകരം വിവാഹം നടത്താന്‍ ശരീഅത്ത് കോടതിയെ ചുമതലപ്പെടുത്തി. ശരീഅത്ത് കോടതി ജഡ്‍ജിയുടെ രക്ഷാകര്‍തൃത്വത്തില്‍ യുവതിയുടെ വിവാഹം നടത്തുകയും ചെയ്‍തു.