
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നുമണിക്കാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, പ്രതിരോധ നടപടികളെക്കുറിച്ചും വിദഗ്ദ്ധ സമിതിയുടെ നിർദേശം തേടും. വാരാന്ത്യ, രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയേക്കും.
ജില്ലകളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ സിഎഫ്എൽടിസി തുറക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാനത്ത് ഇന്നലെ 6238 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 കടന്നു. ഇതുവരെ 49,591 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. നിലവിൽ 34,902 പേരാണ് ചികിത്സയിലുള്ളത്.
കരുതൽ ഡോസ് ഇന്നു മുതൽ
കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കരുതൽ ഡോസ് ഇന്നാരംഭിക്കും. കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കുത്തിവയ്പ്. രണ്ടാം ഡോസ് വാക്സിൻ എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ്.