
കോട്ടയം: സോഷ്യൽ മീഡിയ വഴി ഭാര്യമാരെ കൈമാറുന്ന കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കോട്ടയം സ്വദേശിനിയെ ഒൻപതുപേരാണ് പീഡിപ്പിച്ചത്. ഇതിൽ ആറുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പിടിയിലാകാനുള്ള മൂന്ന് പേരിൽ ഒരാൾ സൗദിയിലേക്ക് കടന്നു.
കോട്ടയം സ്വദേശിനിയുടെ പരാതിയിൽ പറയുന്ന പ്രതികളിൽ അഞ്ചുപേർ ഭാര്യമാരുമായിട്ടാണ് വന്നത്. നാലുപേർ തനിച്ചാണ് എത്തിയത്. 'സ്റ്റഡ്'എന്നാണ് ഇവർ അറിയപ്പെടുന്നത്. സംഘത്തിന് ഇവർ 14,000 രൂപയാണ് നൽകേണ്ടത്. മെസഞ്ചറിലൂടെയും ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പുണ്ടാക്കി ഇതിലൂടെ പരിചയപ്പെടുന്ന തരത്തിലാണ് പിടിയിലായവർ പ്രവർത്തിച്ചിരുന്നത്.
സംഘം ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും. പിന്നീട് വീഡിയോ കോൾ നടത്തും. വീടുകളിലാണ് കൂടുതലായും കൂടിച്ചേരലുകൾ.ഭർത്താവ് മറ്റുളളവരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതായുളള യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
കേസുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലെ ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഏഴ് ഗ്രൂപ്പുകളിലായി അയ്യായിരത്തിലധികം അംഗങ്ങളാണ് ഉള്ളത്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരുമുണ്ട്.