saleena

തൊടുപുഴ: അടിമാലി പതിനാലാം മൈൽ ചരുവിളപുത്തൻവീട്ടിൽ അബ്ദുൾ സിയാദിന്റെ ഭാര്യ സെലീന (41) യെ കുത്തിക്കൊലപ്പെടുത്തി മാറിടം മുറിച്ചു മാറ്റിയ കേസിലെ വിചാരണ ഇന്നാരംഭിക്കും. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പി. എസ് ശശികുമാറിനു മുമ്പാകെ ഇന്ന് മുതൽ സാക്ഷികളുടെ വിസ്താരം തുടങ്ങും. വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷാ (35) ണ് കേസിലെ പ്രതി. ഗിരോഷും സെലീനയും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.


അടിമാലി ടൗണിൽ ഓർക്കിഡ് കോപ്പി റാന്റ് സിസ്റ്റം എന്ന പേരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തി വരികയായിരുന്നു ഗീരോഷ്. കൊല്ലപ്പെട്ട സെലീന, താൻ വക്കീലും ഫാമിലി കൗൺസിലറുമാണെന്ന് കളവായി പറഞ്ഞ് ഗിരോഷിനെ പരിചയപ്പെട്ടു. ഏതാനും ദിവസം കഴിഞ്ഞ് ഗിരോഷിന്റെ കടയിൽ ജോലി ചെയ്തിരുന്ന യുവതി ഗർഭിണിയാണെന്നും ഗിരോഷാണ് ഉത്തരവാദിയെന്നും സെലീന മനപ്പൂർവ്വം കള്ളം പറഞ്ഞു. യുവതിയെ വിവാഹം കഴിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ് സെലീന ഗിരീഷിനെ ഭീഷണിപ്പെടുത്തി. ഭയന്ന ഗിരോഷിനെക്കൊണ്ട് സെലീന മുൻകൈയ്യെടുത്ത് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു.
ഇക്കാര്യം പറഞ്ഞ് പലപ്രാവശ്യമായി ശിരോഷിൽ നിന്നും സെലീന 1,08,000 രൂപ കൈവശപ്പെടുത്തി. ഇതിന് പുറമേ സെലീനയുടെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള കാർ ഇവരുടെ പേരിൽ നിന്നും ഗിരോഷിന്റെ പേരിലേക്ക് മാറ്റി. ഇതിന് ശേഷം ഈ കാർ പണയപ്പെടുത്തി ഗിരോഷിന്റെ അമ്മയെയും സുഹൃത്തിനെയും ജാമ്യം നിർത്തി തൊടുപുഴ മുത്തൂറ്റ് ഫൈനാൻസിൽ നിന്നും ഗിരോഷിന്റെ പേരിൽ പേരിൽ സെലീന രണ്ട് ലക്ഷം രൂപ ലോണെടുത്തു. വായ്പാ തുക കൃത്യമായി തിരിച്ചടയ്ക്കാതെ വന്നതിനാൽ ഗിരോഷിനും ജാമ്യക്കാർക്കും റിക്കവറി നോട്ടീസ് വന്നു. പല പ്രാവശ്യം പണം അടയ്ക്കാൻ ഗിരീഷ് ആവശ്യപ്പെട്ടെങ്കിലും സെലീന തയ്യാറായില്ല.


ഇതിൽ പകപൂണ്ട ഗിരോഷ് 2017 ഒക്ടോബർ 10 ന് ഉച്ചക്ക് രണ്ടരയോടെ വാളറപതിനാലാം മൈലിലുള്ള സെലീനയുടെ വീട്ടിലെത്തി. ഭാര്യയെ ആശുപത്രിയിൽ ആക്കുന്നതിന് പണം ആവശ്യപ്പെട്ടെങ്കിലും സെലീന നൽകാൻ തയ്യാറായില്ല. തുടർന്ന് നടന്ന തർക്കത്തിന് ഒടുവിൽ ഗിരോഷ് സെലീനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം സ്ഥലത്ത് നിന്നും പോയ ഗിരോഷ് വീണ്ടും തിരിച്ചെത്തി മൃതദേഹത്തിൽ നിന്നും ഇടത് മാറിടം മുറിച്ചെടുത്തു കൊണ്ട് പോയി. ഇത് പിന്നീട് ഇയ്യാളുടെ കുറുമ്പാലമറ്റത്തെ വീട്ടിൽ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്.


മത്സ്യ വ്യാപാരിയായ സെലീനയുടെ ഭർത്താവ് രാത്രി 7.45 ന് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ ഗിരീഷ് അവിടേയ്ക്ക് വരുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം കുറുമ്പാലമറ്റത്തെ വീട്ടിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. അടിമാലി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി.കെ സാബുവാണ് കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 59 സാക്ഷികളാണുള്ളത്. പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽ ദത്താണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.