yesudas

ബാല്യത്തിൽ കേട്ടുറങ്ങിയ താരാട്ടുപാട്ടുകൾ, കൗമാരത്തിൽ മോഹിപ്പിച്ച പ്രണയഗാനങ്ങൾ, യൗവനകാലത്ത് കൂട്ടിരുന്ന വസന്തഗീതങ്ങൾ, വാർദ്ധക്യത്തിന്റെ വിഹ്വലതകളിൽ വന്നു നിറഞ്ഞ ഭക്തിഗാനങ്ങൾ... അങ്ങനെ കഴിഞ്ഞ 60 വർഷക്കാലം ഒരു ശരാശരി മലയാളിയുടെ ഋതുഭേദങ്ങൾക്കെല്ലാം യേശുദാസ് എന്ന അനശ്വരനാദത്തിന്റെ ജീവതാളമുണ്ടായിരുന്നു.

മലയാളികൾ മാത്രമല്ല മറുനാട്ടുകാരും ആയുസിന്റെ വ്യത്യസ്‌ത കാലങ്ങളിൽ ആ സ്വരരാഗസുധയിൽ നീന്തി തുടിച്ചവരാണ്. 82ാം പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോഴും ഓരോ സംഗീതപ്രേമിയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക ഇനിയും ആ സ്വരം കൂടുതൽ മനോഹരമായി ഞങ്ങളിലേക്ക് എത്തട്ടെ എന്നാകും.

എല്ലാകൊല്ലവും പിറന്നാൾ ആഘോഷിക്കാൻ യേശുദാസ് എത്തുക കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ്. കഴിഞ്ഞ രണ്ട് കൊല്ലമായി അതിന് മുടക്കം സംഭവിച്ചു. കൊവിഡും ഒമിക്രോണും കടുത്ത രീതിൽ വ്യാപിക്കാൻ തുടങ്ങിയതോടെ അമേരിക്കയിലെ വീട്ടിൽ തന്നെ ഗാനഗന്ധർവൻ സമയം ചെലവിടുന്നത്.

ഇത്തവണത്തെ ആഘോഷവും വീട്ടിൽ തന്നെയാണ്. ഇനി വരുന്ന വർഷങ്ങളിൽ അക്ഷരങ്ങളുടെയും സംഗീതത്തിന്റെയും ദേവതയ്‌ക്ക് മുന്നിൽ സംഗീതാർച്ചന നടത്താൻ ആ നാദവിസ്‌മയത്തിന് കഴിയട്ടെ എന്നു നമുക്ക് ആശംസിക്കാം.