
ഭക്ഷണത്തിൽ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന വീഡിയോകൾ ഓരോ ദിവസവും പുറത്തു വരുന്നുണ്ട്. അതിൽ തന്നെ ബിരിയാണി, മാഗി, പാനിപൂരി, ദോശ തുടങ്ങിയവയിലെല്ലാം നടത്തുന്ന പരീക്ഷണങ്ങൾ വൈറലാവുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ ചായയിൽ നടത്തിയ പുതിയ പരീക്ഷണമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
ചായ ഇഷ്‌ടമല്ലാത്ത ഇന്ത്യക്കാരുണ്ടാകുമോ? അതുപോലെ പ്രിയപ്പെട്ട ഒന്നാകും സ്‌ക്വാഷും അല്ലേ? ഇതു രണ്ടും കൂടി ഒന്നിച്ച് ചേർത്താലോ... സംശയിക്കേണ്ട... സംഗതി നല്ല ഒന്നാന്തരം പരാജയമാണ്. റോസ് നിറത്തിൽ ഒരു ചായ ഉണ്ടാക്കുന്നതും അത് രുചിച്ച് നോക്കി തുപ്പി കളയുകയും ചെയ്യുന്ന ഫുഡ് വ്ലോഗറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചാറ്റോർ ബ്രൂത്തേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗുലാബ് ചായ എന്ന പേരിലാണ് സംഗതി ഉണ്ടാക്കിയതെങ്കിലും രുചിച്ച ശേഷം വ്ലോഗറുടെ മുഖഭാവം കണ്ടാൽ തന്നെ സംഗതി ഫ്ലോപ്പാണെന്ന് മനസിലാകും. ഈ ചായ ഉണ്ടാക്കുന്ന വീഡിയോയും പേജിൽ പങ്കുവച്ചിട്ടുണ്ട്. ചായപ്പാത്രത്തിലേക്ക് ഒരു കവർ പാൽ പൊട്ടിച്ചൊഴിക്കുകയും തിളച്ച ശേഷം അതിലേക്ക് സ്‌ക്വാഷ് ഒഴിക്കുകയും ചെയ്യുകയാണ്.
സംഭവം റോസ് മിൽക്കിന്റെ നിറത്തിൽ കിട്ടുന്നുണ്ടെങ്കിലും ഒരു കവിൾ വായിലേക്കെടുത്ത അതേ സ്പീഡിൽ തന്നെ വ്ലോഗർ അത് തുപ്പിക്കളയുന്നുമുണ്ട്. ഇത്രയും രുചികരമായ ചായയിൽ എന്തിനാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ എന്നാണ് സൈബർലോകം ചോദിക്കുന്നത്. ആഹാരസാധനങ്ങളെ ഇങ്ങനെ അപമാനിക്കരുതെന്നും ഇത്തരം പരീക്ഷണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്നുമൊക്കെയുള്ള തരം കമന്റുകളും വീഡിയോയ്‌ക്ക് താഴെയുണ്ട്.