shashi-tharoor

ന്യൂഡൽഹി: അധികമാർക്കും കേട്ട് പരിചയമില്ലാത്ത പുതിയ വാക്കുകൾ പങ്കുവച്ച് ഞെ‌ട്ടിക്കുന്നത് ശശി തരൂർ എം പിയുടെ ഹോബിയാണ്. അദ്ദേഹം മിക്കപ്പോഴും പങ്കുവയ്ക്കുന്നത് കടിച്ചാൽ പൊട്ടാത്ത നീളം വളരെ കൂടുതലുള്ള വാക്കുകളായിരിക്കും. മിക്കപ്പോഴും എന്തിന്റെയെങ്കിലും ഉദാഹരണമായായിരിക്കും അദേഹം ഇത്തരത്തിൽ പുതിയ വാക്കുകൾ കണ്ടെത്തി അവതരിപ്പിക്കുന്നത്. ഇത്തവണ ശശി തരൂരിന്റെ പുതിയ വാക്ക് മോദി സർക്കാരിനാണ് പണി കൊടുത്തിരിക്കുന്നത്.

'അനോക്രസി' എന്ന വാക്കാണ് ശശി തരൂർ പുതുതായി പങ്കുവച്ചിരിക്കുന്നത്. നമ്മൾ ഇന്ത്യയിൽ തീർച്ചയായും പഠിക്കേണ്ട വാക്ക് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ വാക്ക് ട്വറ്ററിൽ അവതരിപ്പിച്ചത്. വാക്കിന്റെ അർത്ഥവും അദ്ദേഹം വീശദീകരിക്കുന്നുണ്ട്. ജനാധിപത്യം സ്വേച്ഛാധിപത്യ സവിശേഷതകളുമായി ഇടകലർത്തുന്ന, തിരഞ്ഞെടുപ്പ് അനുവദിക്കുന്ന, തങ്ങളോട് നാമമാത്രമായി മത്സരിക്കാറുള്ള പ്രതിപക്ഷ പാർട്ടികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം അനുവദിക്കുന്ന, കുറഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഗവൺമെന്റിന്റെ രൂപം എന്നാണ് അനോക്രസി എന്ന വാക്കിന്റെ അർത്ഥമായി തരൂർ വ്യക്തമാക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പുറത്തുവന്നതിന് പിന്നാലെയാണ് തരൂരിന്റെ ട്വീറ്റ്.

A word we'd better start learning in India: ANOCRACY. Form of government that mixes democratic w/ autocratic features, permits elections, allows participation through opposition parties& institutions accommodating nominal amounts of competition, but acts w/minimal accountability.

— Shashi Tharoor (@ShashiTharoor) January 9, 2022

വരുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കൂടാതെ ഉത്തർപ്രദേശിൽ ബി ജെ പിക്കെതിരെ കടുത്ത പോരാട്ടത്തിനുള്ള മുന്നൊരുക്കങ്ങളും നടത്തുന്നു. 2017ൽ മണിപ്പൂരിലെ ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവന്ന കോൺഗ്രസ് തുടർച്ചയായുള്ള രാജികളെ തുടർന്ന് ബി ജെ പിക്കുമുന്നിൽ കീഴടങ്ങുകയായിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും നില ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ് പാർട്ടി ഇപ്പോൾ.