
ചെന്നൈ: കൊവിഡ് ഭയത്തെതുടർന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ജോതികയാണ് മരണപ്പെട്ടത്. അമ്മയും സഹോദരന്മാരും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു. ഇവരിൽ മൂന്ന് പേർ രക്ഷപ്പെട്ടു.
മരണപ്പെട്ട ജോതിക ഭർത്താവുമായി പിരിഞ്ഞ് അമ്മ ലക്ഷ്മിയോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് ജോതികയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ അണുബാധ പടരുമെന്ന് ഭയന്നാണ് കുടുംബം വിഷം കഴിച്ചതെന്നാണ് സൂചന.
അയൽക്കാർ അടുത്ത ദിവസം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അഞ്ചുപേരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജോതികയുടെയും മകന്റെയും ജീവൻ രക്ഷിക്കാനായില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊവിഡ് ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് നൽകുന്ന സൂചന. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കൊവിഡ് പോസിറ്റീവായാൽ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.