
ദൈനംദിന ജീവിതത്തിൽ ഒരു കുടുംബത്തിലെ ആവശ്യങ്ങൾക്കായി ചിലവാക്കേണ്ടി വരുന്നത് വലിയ തുകയാണ്. വൈദ്യുതിക്കും, പാചക സിലിണ്ടറിനുമായി മാത്രം തന്നെ ഒരു വർഷം പതിനായിരങ്ങൾ ചിലവഴിക്കേണ്ടി വരും. എന്നാൽ ബംഗളൂരുവിലെ ഒരു വീട്ടമ്മയ്ക്ക് ഇത്തരത്തിലുള്ള ചിലവുകൾ ഒന്നും തന്നെയില്ല. പ്രകൃതി വിഭവങ്ങളെ പരമാവധി പ്രയോചനപ്പെടുത്തി ഓരോ സ്ത്രീകൾക്കും മാതൃകയായി മാറിയ ഒരു സ്ത്രീയെ പരിചയപ്പെടാം.
50കാരിയായ രവികല ബാലിഗൽ തന്റെ വീട്ടിൽ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ്. എന്നാൽ വിവാഹം കഴിഞ്ഞ് 25വർഷത്തോളം ഭർത്താവ് പ്രകാശ് ബാലിഗലിന്റെ ജോലിസംബന്ധമായ ആവശ്യങ്ങൾ കാരണം അവർ വിവിധ നഗരങ്ങളിൽ മാറി താമസിക്കുകയായിരുന്നു. ഒടുവിൽ ബംഗളൂരുവിൽ വീടുവച്ച് സ്ഥിര താമസമാക്കാൻ അവർ തീരുമാനിച്ചു. വീട്ടിൽ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ വാങ്ങാൻ സഹായിക്കണമെന്ന് രവികല തന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു. അങ്ങനെ പ്രകൃതിയോടിണങ്ങി ലാഭകരമായ രീതിയിൽ എന്തെങ്കിലും ചെയ്യാൻ അവർ തീരുമാനിച്ചു.
പ്രചോദനം
നഗരത്തിൽ ഒരു ചിൽഡ്രൻസ് എൻജിഒയിൽ വോളന്റിയറായ രവികല, മഴവെള്ള സംഭരണം, കമ്പോസ്റ്റിംഗ്, തുടങ്ങി ഊർജ്ജ സംരക്ഷണവും സുസ്ഥിരവുമായ നിരവധി പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. ഭർത്താവിന്റെ അമ്മയിൽ നിന്നും സോളാർ കുക്കറിന്റെ ഉപയോഗത്തെപറ്റിയും മനസിലാക്കി. അങ്ങനെ സൗരോർജം വീട്ടിലെ ആവശ്യങ്ങൾക്കായി പ്രയോചനപ്പെടുത്താം എന്നവർ തീരുമാനിച്ചു.
സൗരോർജം എങ്ങനെ പ്രയോജനപ്പെടുത്താം
നമുക്ക് സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്നതുകൊണ്ട് സോളാർ കുക്കർ ഉപയോഗിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല എന്ന് രവികല പറയുന്നു. ഭക്ഷണം പാചകം ചെയ്യാൻ അധിക സമയമെടുക്കുമോ എന്നുള്ള ആശങ്കകൾ തന്റെ ഭർത്താവിനുണ്ടായിരുന്നെന്നും അതെല്ലാം താൻ സോളാർ കുക്കർ ഉപയോഗിച്ച് തുടങ്ങിയപ്പോൾ പൂർണമായും മാറിയെനന്നും രവികല പറയുന്നു.
രവികലയുടെ അഭിപ്രായത്തിൽ ഈ മാറ്റം വരുത്താൻ ആവശ്യമുള്ള രണ്ട് പ്രധാന ഘടകങ്ങൾ ക്ഷമയും കുടുംബത്തിന്റെ പിന്തുണയുമാണ്. സൗരോർജം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസിലാക്കിയാൽ തീർച്ചയായും നിങ്ങളുടെ വീടുകളിലും ഉപയോഗിച്ചു തുടങ്ങുമെന്നും രവികല പറയുന്നു.
സോളാർ പാനലിൽ നിന്നും എങ്ങനെ പണം ലാഭിക്കാം
രവികലയുടെ വീടിന്റെ ടെറസിൽ നാല് സോളാർ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇൻവെർട്ടർ പ്രവർത്തിപ്പിക്കുന്നതിനും വീട്ടിലെ മറ്റ് എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിനും ഇതിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ബംഗളൂരുവിൽ പവർക്കട്ട് പതിവാണ്. എന്നാൽ ഇവയൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്ന് രവികല പറയുന്നു.
കഴിഞ്ഞ വർഷത്തിൽ മഴക്കാലത്ത് ഒരു മാസത്തേയ്ക്ക് മാത്രമേ വൈദ്യുതി ബിൽ കോടുക്കേണ്ടി വന്നുള്ളു എന്നും ഇതിലൂടെ ആയിരക്കണക്കിന് രൂപയാണ് ലാഭിക്കാൻ കഴിഞ്ഞതെന്നും രവികല പറയുന്നു.
സോളാർ കുക്കർ ഉപയോഗിച്ച് ആയിരങ്ങൾ ലാഭിക്കാം

സോളാർ കുക്കർ ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക ലാഭം മാത്രമല്ല അതിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണെന്നും രവികല പറയുന്നു. ഏതാണ്ട് 7000രൂപയോളം വിലകൊടുത്താണ് രവികല സോളാർ കുക്കർ വാങ്ങിയത്. ഓരോ മാസം ചിലവഴിക്കേണ്ടിവരുന്ന ഗ്യാസ് സിലിണ്ടർ വില വച്ചു നോക്കുമ്പോൾ ഇത് ലാഭമാണെന്നാണ് രവികലയുടെ അഭിപ്രായം.
ഇതിനെല്ലാം പുറമേ ബാൽക്കണിയിലും ടെറസിലും നിരവധി പച്ചക്കറികളും പഴങ്ങളുമാണ് രവികല വളർത്തുന്നത്. ഓരോ സീസൺ അനുസരിച്ചുള്ള കൃഷികൾ ചെയ്യുന്നതിലൂടെ നല്ല രീതിയിലുള്ള വിളവ് ലഭിക്കുന്നുണ്ടെന്നും രവികല പറയുന്നു.
പച്ചക്കറി തോട്ടം

നിലവിൽ ചീര,മല്ലി,മുളക്, തക്കാളി, മഞ്ഞൾ, ഇഞ്ചി, മുരിങ്ങ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് രവികല വളർത്തുന്നത്. കഴിഞ്ഞ വർഷം 300ലധികം മുരിങ്ങകൾ വിളവെടുക്കാൻ കഴിഞ്ഞെന്നും അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽ്കകാർക്കും വിധരണം ചെയ്തെന്നും അവർ പറയുന്നു.
ഈ രീതിയിലുള്ള ജീവിതശൈലിയിലൂടെ രവികല ഒരു വർഷം ലാഭിക്കുന്നത് 20,000രൂപയോളമാണ്. അതിനെക്കാളേറെ ഇതിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയാണ് വളരെയധികം സന്തോഷം നൽകുന്നതെന്നും രവികല പറഞ്ഞു.