
ന്യൂഡൽഹി: ദരിദ്രനായിരുന്ന തന്നെ പഠിപ്പിച്ച് വിദേശത്ത് മികച്ച ജോലിയിൽ പ്രവേശിക്കാൻ സഹായിച്ച സ്വന്തം നാട്ടുകാർക്ക് പ്രത്യുപകാരമായി പ്രവാസിയുടെ വലിയ മനസ്. വിരമിച്ചതിന് പിന്നാലെ ഒരു സന്നദ്ധസംഘടന ആരംഭിച്ച് ലക്ഷങ്ങളോളം ഇന്ത്യക്കാർക്ക് ജീവിതത്തിൽ വെളിച്ചമേകുകയാണ് സയ്യിദ് ഹുസൈനിയെന്ന അമേരിക്കൻ പ്രവാസി.
2009ൽ യു എസിലാരംഭിച്ച സപ്പോർട്ട് ഫോർ എജ്യുക്കേഷണൽ ആൻഡ് എക്കണോമിക് ഡവലപ്പ്‌മെന്റ് (സീഡ്) എന്ന സംഘടന ഇന്ത്യയിലെ ദരിദ്ര വിഭാഗത്തിൽപ്പെടുന്നവർക്ക് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സഹായവും സാമ്പത്തിക സഹായവും നൽകിവരുന്നു. യു എസിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്.
1972ൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ സയ്യിദിന് ഏറെ പരിശ്രമത്തിന് ശേഷവും ജോലി നേടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഹൈദരാബാദ് സ്വദേശിയായ സയ്യിദ് ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെ ഡാലസിലെത്തി. എന്നാൽ അവിടെയും തൊഴിൽ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു. ദാരിദ്രവും പട്ടിണിയും മൂലം കഷ്ടപ്പെട്ട തനിക്ക് സ്കോളർഷിപ്പ് നൽകി വിദേശത്തേയ്ക്ക് പോകാൻ സഹായിച്ചത് നിസാം ചാരിറ്റബിൾ ട്രസ്റ്റ് ആയിരുന്നെന്ന് സയ്യിദ് ഓർക്കുന്നു. അത്തരമൊരു സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ ഇന്ന് തന്റെ നാട്ടുകാരെ പിന്തുണയ്ക്കാൻ സാധിക്കുമായിരുന്നില്ലെന്നും സയ്യിദ് പറഞ്ഞു. ഇരുപത്തിയാറ് വർഷത്തെ തൊഴിൽ ജീവിതം അവസാനിച്ച് അറുപതാം വയസിലാണ് പാവപ്പെട്ടവരെ സഹായിക്കാൻ ഒരു ട്രസ്റ്റ് തുടങ്ങണമെന്ന് സയ്യിദ് തീരുമാനിക്കുന്നത്.
എഫ് സി ആർ എയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ എൻ ജി ഒകളായ ഹൈദരാബാദിലെ നാം ഫൗണ്ടേഷൻ, കൊൽക്കത്ത മുസ്‌ലിം ഓർഫനേജ്, സോഹ്‌റ വുമൺ, കർണാടകയിലെ ചിൽഡ്രൺ ചാരിറ്റബിൾ വെൽഫയർ ട്രസ്റ്റ് എന്നിവ വഴിയാണ് സീഡ് ഇന്ത്യയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇന്ത്യയിൽ ശാഖ ആരംഭിക്കാനുള്ള സീഡിന്റെ അപേക്ഷ കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുക എന്നതാണ് സീഡിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തും ഇവർ സഹായങ്ങൾ നൽകി വരുന്നു. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എൻജിഒകളുമായി സഹകരിച്ച് സൗജന്യ ചികിത്സ നൽകുന്ന ക്ലിനിക്കുകളും സീഡിന്റെ കീഴിൽ പ്രവർത്തിക്കുന്നു. വിധവകളും ദരിദ്രരുമായ സ്ത്രീകൾക്ക് തൊഴിലും സാമ്പത്തിക സഹായങ്ങളും സീഡ് നൽകുന്നു.