
തിരുവനന്തപുരം:നീതിക്കും അതിജീവനത്തിനായുമുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ആക്രമണത്തിനിരയായ നടി. സോഷ്യൽ മീഡിയയിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. "ഇതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ല,അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി"നടി പറഞ്ഞു. ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ ഉണ്ടായെന്നതും ശ്രദ്ധേയമാണ്. കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെയുളള കൂടുതൽ വെളിപ്പെടുത്തലുകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നേരത്തേ ഡബ്ള്യു സി സിയാണ് നടിക്കുവേണ്ടി സംസാരിച്ചിരുന്നത്.
ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ കൂടുതൽ കുരുക്കായി കേസിലെ പ്രതിയായ പൾസർ സുനിയും സാക്ഷി ജിൻസനും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുൻപ് കണ്ടിട്ടുണ്ടെന്ന് സംഭാഷണത്തിനിടെ സുനി പറയുന്നത്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലുംവച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ് സുനി പറയുന്നത്. സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു ജിന്‍സന്‍. സുനിയുടെ ജയിലിൽ നിന്നുള്ള ഫോണ്‍വിളിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കേസിലെ മുഖ്യപ്രതിയായ സുനിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. അതേസമയം, കേസില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.