
ന്യൂഡൽഹി: ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായതോടെ ബാബ വാങ്കയുടെ പുതിയ പ്രവചനങ്ങളറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. പുതുവർഷം പിറന്നതിന് പിന്നാലെ ഈ വർഷം ലോകം നേരിടാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ബാബ വാങ്ക നടത്തിയ പ്രവചനങ്ങളും പുറത്തു വന്നിരിക്കുകയാണ്.
ഈ വർഷം ഇന്ത്യയിൽ വെട്ടുക്കിളി ആക്രമണമുണ്ടാകുമെന്നാണ് അവർ പ്രവചിച്ചിരിക്കുന്നത്. വ്യാപകമായ കൃഷി നാശത്തിനും ദാരിദ്ര്യത്തിലേക്കും അത് വഴിവയ്ക്കും. കടുത്ത ഉഷ്ണത്തെയാണ് രാജ്യം നേരിടാൻ പോകുന്നതെന്നാണ് മറ്റൊരു പ്രവചനം. ഏതാണ്ട് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സ്ക്രീനിന് മുന്നിൽ ചെലവഴിക്കും എന്നും പറഞ്ഞിട്ടുണ്ട്.
എന്തായാലും വെർച്വൽ റിയാലിറ്റിയുടെ സാദ്ധ്യതകൾ ഏറ്റവും കൂടുതൽ കാണാൻ പോകുന്ന വർഷവും ഇതുതന്നെയായിരിക്കുമെന്നാണ് വാങ്കയുടെ പ്രവചനങ്ങളെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധർ നടത്തുന്ന വ്യാഖ്യാനം. അതേസമയത്ത്, ലോകത്ത് പുതിയ വൈറസിനെ വീണ്ടും കണ്ടെത്തുമെന്നും സുനാമിയുണ്ടാകുമെന്നൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്. കൊവിഡ് വൈറസിൽ പെട്ട് ജനജീവിതം ബുദ്ധിമുട്ടുമ്പോഴും പിന്നാലെ മറ്റൊരു മാരകമായ വൈറസിനെ സൈബീരിയയിൽ നിന്നും കണ്ടെത്തും. അതും ജനങ്ങളിലേക്ക് അതിവേഗം പടർന്നു പിടിക്കും.
ലോകമെങ്ങും കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടേണ്ടി വരികയും ചെയ്യും. ജലക്ഷാമം ഉണ്ടാകുന്നതിന് പുറമേ നദികളിൽ മലിനീകരണത്തോത് ഉയരുകയും ചെയ്യും. ദാഹജലത്തിന്വേണ്ടി മനുഷ്യരും മൃഗങ്ങളും അലയുമെന്നാണ് വാങ്ക പ്രവചിച്ചിരിക്കുന്നത്. 2004ലെ സുനാമിയെ കുറിച്ച് അവർ പ്രവചിച്ചത് സത്യമായിരുന്നു. ഈ വർഷവും ചില ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലും വൻവെള്ളപ്പൊക്കമുണ്ടാവുകയും നൂറുക്കണക്കിന് മനുഷ്യർ മരണപ്പെട്ടേക്കുമെന്നും പ്രവചനമുണ്ട്.
2022ൽ 'ഔമുവാമുവ' എന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് അന്യഗ്രഹജീവികളെ അയയ്ക്കുമെന്നും 2017ൽ ഇത് ഭൂമിയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവർ പ്രവചിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം, ഡയാന രാജകുമാരിയുടെ മരണം, സുനാമി, വേൾഡ് ട്രേഡ് സെന്റർ ആക്രമണം തുടങ്ങിയവയെല്ലാം ബാബ വാങ്ക അന്നേ പ്രവചിച്ച കാര്യങ്ങളാണ്.
പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ പെട്ടാണ് വാങ്കയുടെ കാഴ്ചശക്തി നഷ്ടമാകുന്നത്. അതിനുശേഷമാണ് വാങ്കയ്ക്ക് പ്രവചനം നടത്താനുള്ള പ്രത്യേക സിദ്ധി ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.