governer

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ കേരള യൂണിവേഴ്‌സിറ്റി വി സിയുടെ ഭാഷയെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സിലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല അദ്ദേഹം പരിഹസിച്ചു. വിസിയുടെ ഭാഷകണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ്‌ ഉപയോഗിച്ചതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.

'ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചില്ല.രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന മറുപടിയാണ് വൈസ് ചാന്‍സിലറില്‍ നിന്ന് ലഭിച്ചത്. ആ മറുപടിയും അതിനുപയോഗിച്ച ഭാഷയും കണ്ടുള്ള ഞെട്ടലില്‍ നിന്ന് ഏറെ സമയമെടുത്താണ്‌ ഞാൻ മോചിതനായത്. സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചാണ് വിസി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റാരുടേയോ നിര്‍ദേശമാണ് അദ്ദേഹം മറുപടിയായി നല്‍കിയത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാനായില്ല. അതോടെ വി സിയെ വിളിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി ലിറ്റ് നല്‍കാനാവില്ലെന്ന മറുപടി നല്‍കിയതെന്ന് വിസി അറിയിച്ചു. പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദേശം പാലിച്ചിരുന്നില്ല. ചാന്‍സിലര്‍ എന്ന നിലയില്‍ എന്നെ ധിക്കരിച്ചു. ഞാന്‍ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. ഇനി അത് പറ്റില്ല'- ഗവർണർ പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന നിർദ്ദേശം കേരള വി സി സിൻഡിക്കേറ്റ് യോഗം വിളിച്ച് ചർച്ചചെയ്യാതെ നിഷേധിച്ചതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായി പൊടുന്നനേ ഇടഞ്ഞത്. ചില സിൻഡിക്കേറ്റംഗങ്ങളുമായി ചർച്ച ചെയ്‌തെന്നും ഗവർണറുടെ നിർദ്ദേശം അവർ നിരസിച്ചെന്നും ഡിസംബർ ഏഴിന് സ്വന്തം കൈപ്പടയിൽ വൈസ്‌ചാൻസലർ വി.പി. മഹാദേവൻപിള്ള ഗവർണർക്ക് നൽകിയ കത്ത് പുറത്തുവന്നു. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ഗവർണർ നിർദ്ദേശിച്ചെന്നും വി.സി രാജ്ഭവനിലെത്തി താത്പര്യമില്ലെന്നറിയിച്ച് കത്ത് നൽകിയെന്നും ജനുവരി ഒന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ താത്പര്യപ്രകാരം സർക്കാരിന്റെ അഭിപ്രായം തേടിയശേഷമാണ് വി.സി കത്തുനൽകിയതെന്നും സൂചനയുണ്ട്.

ഡിസംബർ ആദ്യമാണ് വൈസ്ചാൻസലറെ രാജ്ഭവനിൽ വിളിച്ചുവരുത്തി ഗവർണർ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ നിർദ്ദേശിച്ചത്. ഗവർണറുടെ നിർദ്ദേശം സിൻഡിക്കേറ്റ് വിളിച്ച് ഉടൻ അംഗീകരിക്കുമെന്ന് ഉറപ്പുനൽകിയാണ് വി.സി മടങ്ങിയത്. എന്നാൽ, ചില ഇടത് അംഗങ്ങളുമായി ആലോചിച്ച് രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനാവില്ലെന്ന് തീരുമാനമെടുത്തു. ഇക്കാര്യം എഴുതി നൽകാൻ ഗവർണർ ആവശ്യപ്പെട്ടപ്പോൾ രാജ്ഭവനിൽനിന്നു സംഘടിപ്പിച്ച വെള്ളക്കടലാസിൽ കുത്തിക്കുറിച്ചു നൽകിയ വിസിയുടെ കത്താണ് ഗവർണറെ പ്രകോപിപ്പിച്ചത്. വിസി നൽകിയ കത്തിൽ പല സ്ഥലത്തും വ്യാകരണപ്പിശകും അക്ഷരത്തെറ്റും ഉണ്ട്. ഡി ലിറ്റ് എന്ന് എഴുതിയിരിക്കുന്നതുപോലും തെറ്റിച്ചാണ്.