up

ലക്നൗ: ഉത്തർപ്രദേശിലെ ഹാപുർ മുതൽ മൊറാദാബാദ് വരെയുള്ള 35 കിലോമീറ്റർ ദേശീയപാതയിൽ മൂന്ന് വർഷത്തിനിടെ ജീവൻ നഷ്ടമായത് 900 പേർക്ക്. എന്നാൽ 2017നും 2021നുമിടക്കായി ഈ പാതയിൽ നിന്ന് സർക്കാർ നേടിയ വരുമാനം 272 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖയിൽ വ്യക്തമാക്കുന്നു. ഈ പാതയുടെ അറ്റകുറ്റ പണികൾക്കായി പ്രത്യേക ബഡ്‌ജറ്റ് അനുവദിച്ചിട്ടില്ല. എന്നാൽ അഞ്ച് കോടിയോളം രൂപ ഗർമുക്തേശ്വർ മുതൽ മൊറാദാബാദ് വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കും നന്നാക്കലിനുമായി ചെലവാക്കിയതായി നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ ( എൻ എച്ച് എ ഐ) വെളിപ്പെടുത്തുന്നു.

ബ്രിജ്‌ഗത് ടോൾ പ്ളാസ പ്രദേശത്ത് 2018-19 കാലയളവിൽ 184 പേരും, 2019-20 കാലയളവിൽ 326 പേരും 2021 ഏപ്രിലിനും നവംബറിനും ഇടയിൽ 238 പേരും മരണപ്പെട്ടുവെന്ന് കണക്കുകൾ തെളിയിക്കുന്നു. എന്നാൽ 2017- 18 കാലയളവിലെ കണക്കുകൾ ലഭ്യമല്ലെന്ന് എൻ എച്ച് എ ഐ വ്യക്തമാക്കി. ഡൽഹിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന ടോൾ പ്ളാസ ദേശീയ പാത 24ലാണ് ഉൾപ്പെടുന്നത്. പാതയുടെ നിർമാണത്തിനായി ചെലവായത് 195.51 കോടി രൂപയാണ്. മാത്രമല്ല 2017- 2021 കാലയളവിലായി 272 കോടിയുടെ വരുമാനം ടോളിലൂടെയും നേടി. എന്നാൽ ഇത്രയധികം പേരുടെ ജീവൻ പൊലിഞ്ഞിട്ടും ഈ റോഡിനെ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എൻ എച്ച് എ ഐ അറിയിച്ചു.

നേരായ റോഡുകളാണ് കൂടുതലും അപകടങ്ങൾക്കും കാരണമെന്നും റോഡുകൾ സിഗ് സാഗ് രീതിയിലാക്കിയാൽ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും 2020 ഡിസംബറിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

രാജ്യത്തെ റോഡ് അപകടങ്ങൾ കൊവിഡിനെക്കാൾ രൂക്ഷമായ അവസ്ഥയിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറ‌ഞ്ഞു. ഇന്ത്യയിൽ പ്രതിദിനം 415 അപകങ്ങൾ നടക്കുന്നുവെന്നും ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും അദ്ദേഹം പറഞ്ഞു.