
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയ ഇന്നും മലയാളികളുടെ മനസിൽ ഒരു നോവായി കിടക്കുകയാണ്. ഇപ്പോഴിതാ സഹോദരൻ വിജിത്തിന്റെ കുഞ്ഞിനെ എടുത്തു നിൽക്കുന്ന വിസ്മയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
കഴിഞ്ഞവർഷം ജൂൺ 21നായിരുന്നു വിസ്മയയെ ഭർത്താവ് കിരണിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വിജിത്തിന്റെ ഭാര്യ ഡോക്ടർ രേവതി ആറ് മാസം ഗർഭിണിയായിരുന്നു. കുഞ്ഞ് പിറന്നപ്പോൾ, തന്റെ സഹോദരി കുട്ടിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം വരച്ച് തരണമെന്ന് വിജിത്ത് കോഴിക്കോട് സ്വദേശിയായ അജിലാ ജനീഷിനോട് ആവശ്യപ്പെടുകയായിരുന്നു.
നീൽ വി വിക്രം എന്നാണ് കുട്ടിയുടെ പേര്. കുഞ്ഞിനെ എടുത്ത് ചിരിച്ച് നിൽക്കുന്ന വിസ്മയയാണ് ചിത്രത്തിലുള്ളത്. വിസ്മയ കേസിൽ വിചാരണ ഇന്നാണ് ആരംഭിക്കുന്നത്. ഇതിനുതൊട്ടുമുൻപാണ് ചിത്രം വീട്ടിലെത്തിയത്. മാതാപിതാക്കൾ ചിത്രത്തിനുമുന്നിൽ നിന്ന് നെടുവീർപ്പിടുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.