
''ഉത്തമ ഈശ്വരവിശ്വാസി ഒരിക്കലും യുക്തിവാദിയെ അപഹസിക്കില്ല. അതുപോലെ യഥാർത്ഥ യുക്തിവാദി വിശ്വാസിയെ അവഹേളിക്കുകയുമില്ല. കാരണം ഭക്തിയും വിഭക്തിയും യുക്തിയും സഹോദരങ്ങളാണ്."" സർവകലാശാലാ അദ്ധ്യാപകനായി വിരമിച്ച ഡോ.ശശിധരൻ തികഞ്ഞ യുക്തിവാദിയും ശിഷ്യനുമായ വിനീതിനോട് പറഞ്ഞു.
ഈശ്വരനില്ലെന്ന് വാദിച്ച് വിലപ്പെട്ട ജീവിതം പാഴാക്കരുത്. അതുപോലെ പ്രകൃതി തുറന്നുവച്ചിരിക്കുന്ന ജ്ഞാന, വിജ്ഞാനങ്ങളുടെ ഖനിയിലേക്ക് ഇറങ്ങാതെ കരയിൽ നിന്ന് ഈശ്വരനുവേണ്ടി വക്കാലത്തെടുത്ത് സമയം ദുർവിനിയോഗം ചെയ്യുന്നതും ശരിയല്ല. കാരണം യുക്തിക്കും വിശ്വാസത്തിനും സ്വന്തം നിലനിൽപ്പുണ്ട്, പരസ്പരസഹായമൊന്നും വേണ്ട... മികച്ച അദ്ധ്യാപകനും പ്രഭാഷകനുമായ ശശിധരന്റെ വാക്കുകൾ കേട്ട് വിനീത് നെറ്റിചുളിച്ചു.
എന്റെ നെറ്റിയിൽ കുറിയുണ്ട്. പക്ഷേ നിന്നെക്കാൾ കടുത്ത യുക്തിവാദിയായിരുന്നു പഠിക്കുന്നകാലത്ത് ഞാൻ. ഡോ. ശശിധരൻ പറയാൻ തുടങ്ങി. പെണ്ണ് കാണാൻ പോയപ്പോൾ ആ വീട്ടുകാരോട് ഒരുകാര്യമേ ആവശ്യപ്പെട്ടുള്ളൂ. കല്യാണം കഴിഞ്ഞ് ഭാര്യയ്ക്ക് ഏതു ക്ഷേത്രത്തിലും പോകാം. ഒപ്പം ചെല്ലണമെന്നു നിർബന്ധിക്കരുതെന്ന് മാത്രം. കാരണം ഹസ്തരേഖയിലും ജ്യോതിഷത്തിലുമൊന്നും എനിക്ക് വിശ്വാസമില്ല. ചായയുമായി വന്ന പെൺകുട്ടിയുടെ നെറ്റിയിൽ ചന്ദനക്കുറിയുണ്ടായിരുന്നു. പെൺവീട്ടുകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. അങ്ങനെ കല്യാണം  നടന്നു. വിശ്വാസങ്ങൾക്കെതിരെ ചോരത്തിളച്ചുമറിയുന്ന കാലം. ആയിടയ്ക്കാണ് ഒരു ബന്ധുവീട്ടിൽ വച്ച്  ഇരിങ്ങൽ കൃഷ്ണപണിക്കരെ പണ്ഡിതനും  ജ്യോതിഷ ആചാര്യനുമാണെന്ന് ബന്ധുവീട്ടുകാർ പരിചയപ്പെടുത്തിയത്. അതുരണ്ടും കേട്ടതോടെ അതുവരെ വിനയത്തോടെ ശ്രദ്ധിച്ചിരിക്കുന്ന പണിക്കരോട് നീരസം തോന്നി. അതു മനസിലാക്കിയിട്ടാണോ എന്നറിയില്ല, മാഷ് ഏതുവർഷം ഏതുമാസം ജനിച്ചതാണ് എന്ന പണിക്കരുടെ ചോദ്യത്തിന് പരമപുച്ഛത്തോടെയാണ് മറുപടി നൽകിയത്.
വിശ്വസിച്ചാലും ഇല്ലെങ്കിലും നാൽപ്പത്തിനാലാം വയസിൽ അറിയപ്പെടുന്ന ഒരു സ്ഥാനത്തെത്തും, വലിയ വലിയ ബിരുദങ്ങൾ വരാനിരിക്കുന്നതേയുള്ളൂ... പണിക്കരുടെ ഈ വാക്കുകൾ കേട്ട് കളിയാക്കുന്ന മട്ടിൽ ഉറക്കെ ചിരിച്ചു. അതു വേണ്ടായിരുന്നു എന്ന മട്ടിലായിരുന്നു ബന്ധുവീട്ടുകാരുടെ മുഖഭാവം. ഒരു ഭാവഭേദവുമില്ലാതെ പുഞ്ചിരിതൂകിയിരിക്കുകയാണ് കൃഷ്ണൻ പണിക്കർ. ഞാൻ പറഞ്ഞത് എഴുതി പോക്കറ്റിലിട്ടോളൂ. എന്നെങ്കിലും നടക്കുമ്പോൾ അറിയിക്കാൻ മടിക്കേണ്ട. സ്വന്തം മനസിനോട് സമ്മതിച്ചാലും മതി. കാരണം മനുഷ്യാവസ്ഥയല്ലേ. പണിക്കരുടെ ഓർമ്മപ്പെടുത്തൽ. പ്രവചനം കേട്ടശേഷം നിന്ദയിലൂടെയും അവിശ്വാസത്തിലൂടെയും രണ്ടുവർഷം പൂർത്തിയായി. അപ്പോഴാണ് വിദേശ സർവകലാശാലയിൽ ഉപരിപഠനത്തിന് ക്ഷണം.  ഗവേഷണ ബിരുദവും പുരസ്കാരങ്ങളുമായി മടങ്ങി വന്നു. നിനച്ചിരിക്കാതെ ലഭിച്ച വലിയ സ്ഥാനലബ്ധി. ഗാനഗന്ധർവൻ യേശുദാസ് ദർശനത്തിനെത്തുന്ന മൂകാംബികയിൽ ആദ്യമായി പോയി. സന്തോഷവും അഭിമാനവുമായി സഹധർമ്മിണിയും ഒപ്പം. അവിടെ പ്രാർത്ഥിച്ചു നിന്നപ്പോഴാണ് പഴയ ജ്യോതിഷപ്രവചനം ഓർമവന്നത്. ആ പ്രവചനത്തിന് സാക്ഷ്യം വഹിച്ച ബന്ധുഭവനത്തിലേക്ക് ഫോൺ ചെയ്തു. മൂകാംബികയിൽ നിൽക്കുകയാണെന്ന് കേട്ടപ്പോൾ അവർക്ക് അതിശയം. ഇരിങ്ങൽ കൃഷ്ണൻപണിക്കരെക്കുറിച്ച് ചോദിച്ചപ്പോൾ അല്പസമയം മൗനം. വീണ്ടും തിരക്കിയപ്പോൾ ഒരുവർഷം മുമ്പ് യുക്തിയും ഭക്തിയും ശക്തിയുമൊന്നുമില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായെന്ന്. വല്ലാത്ത വിഷമം തോന്നി. ഡോ.ശശിധരന്റെ വാക്കുകൾ സശ്രദ്ധം കേട്ടിരുന്ന ശിഷ്യൻ വിനീതിന്റെ മുഖത്ത് അതിശയം.
ഓരോ ക്ഷേത്രത്തിലും ദർശനത്തിനെത്തുമ്പോൾ എന്റെ യുക്തിയ്ക്ക് പുതിയ തിളക്കം. ഭക്തിക്ക് അതിലേറെ ശോഭ. കാരണം ഒരേ നാണയത്തിന്റെ രണ്ടുവശമല്ലേ. ശശിധരൻ മാഷിന്റെ വാക്കുകളിൽ നെല്ലും പതിരും തിരയുമ്പോൾ വിനീതിനെ നോക്കി അർത്ഥഗർഭമായി മാഷ് ചിരിച്ചു. കരയിൽ നിന്ന് കടലുകാണണം. കടലിൽ നിന്ന് കര കാണണം. രണ്ടും ചേരുമ്പോഴേ ഭൂമിയാകുകയുള്ളൂ. വാദിച്ചും തർക്കിച്ചും പാഴാക്കാനുള്ളതല്ല മനുഷ്യജന്മം. ഡോ. ശശിധരന്റെ  വാദത്തോട് യോജിച്ചപോലെ വിനീത് തലയാട്ടി.
(ഫോൺ: 9946108220)