ips

അടുത്തകാലത്തായി പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകളാണ് കൂടുതലും പുറത്തു വരുന്നത്. മുഖം നോക്കാതെ നടപടിയെടുത്തിരുന്ന ഉദ്യോഗസ്ഥരെ ജനമെന്നും ആദരവോടെയാണ് കണ്ടിട്ടുള്ളത്.

അഴിമതിക്കാർക്ക് മുന്നിലും രാഷ്ട്രീയക്കാരുടെ സ്വാധീനത്തിന് മുന്നിൽ തല കുനിക്കാതെ സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന എത്ര പേർ ഇന്നുണ്ട്? പ്രതിസന്ധികളിലും ഭീഷണിയിലും തളരാതെ കുടുംബവും തൊഴിലും ഒന്നിച്ച് കൊണ്ടുപോകുന്നവരാണ് യഥാർത്ഥ മാതൃകകൾ. അവരിൽ ചിലരെ പരിചയപ്പെടാം.

1. സഞ്ജുക്ത പരാശർ

sanjuktha

അസമിലെ ഉരുക്കു വനിത എന്ന പേരിലാണ് സഞ്ജുക്ത പരാശർ അറിയപ്പെടുന്നത്. അക്രമികളും പൊലീസും തമ്മിലുള്ള പോരാട്ടത്തിൽ 16 തീവ്രവാദികളെ വീഴ്‌ത്തിയ ധീരയായ വനിതയാണ്. അവരിൽ നിന്നും പിടിച്ചെടുത്തത് ടൺ കണക്കിന് ആയുധങ്ങളും വെടിക്കോപ്പുകളുമാണ്.2006ൽ, സിവിൽ സർവീസ് പരീക്ഷയിൽ 85ാം റാങ്കായിരുന്നു സഞ്ജുക്തയ്‌ക്ക്.

2006 ബാച്ചിലെ ഐപിഎസ് ഓഫീസർ. ഉദൽഗുരിയിൽ നടന്ന ബോഡോകളും ബംഗ്ലാദേശി തീവ്രവാദികളും തമ്മിലുള്ള വംശീയ കലാപം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം സഞ്ജുക്കായിരുന്നു. ഭീകരാക്രമണ മേഖലയായ സോനിത്പൂർ ജില്ലയിൽ എ.കെ 47 ഉപയോഗിച്ച് സിആർപിഎഫ് സൈനികരുടെ സംഘത്തിന് നേതൃത്വം നൽകിയപ്പോൾ ബോഡോ തീവ്രവാദികൾ ഏറ്റവും ഭയക്കുന്ന പൊലീസ് ഓഫീസർമാരിൽ ഒരാളായി അവർ മാറി.

പഠനത്തിലും സഞ്ജുക്ത മിടുമിടുക്കിയാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ സഞ്ജുക്ത, ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും യുഎസ് ഫോറിൻ പോളിസിയിൽ എംഫിലും നേടി.

2. ശ്രേഷ്‌ഠ താക്കൂർ

sreshta

2017 ജൂണിൽ ശ്രേഷ്‌ഠ താക്കൂറിന്റെ ഒരു വീഡിയോ വൈറലായിരുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ഒരു പ്രാദേശിക ബിജെപി നേതാവുമായി നടത്തുന്ന തർക്കം. ഡ്യൂട്ടി നിർവഹിക്കുന്നതിൽ തടസങ്ങൾ സൃഷ്‌ടിച്ച അഞ്ചു പേരെ ജയിലിലാക്കിയെങ്കിലും ശ്രേഷ്‌ഠയുടെ ആ നടപടിയെ സർക്കാരിന് വേണ്ടത്ര ബോധിച്ചില്ല.

പൊതുസമൂഹത്തിൽ നിന്നും നിരവധി പ്രശംസ ശ്രേഷ്‌ഠയെ തേടിയെത്തിയെങ്കിലും അവരെ സർക്കാർ സ്ഥലം മാറ്റുകയായിരുന്നു. ഭരിക്കുന്ന പാർട്ടിക്ക് മുന്നിൽ പോലും തല കുനിക്കാതെയിരുന്ന ശ്രേഷ്‌ഠയുടെ ധൈര്യത്തെയും ധീരതയെയും അന്ന് മാദ്ധ്യമങ്ങൾ ഏറെ പുകഴ്ത്തിയിരുന്നു. ഗുണ്ടകൾക്കെതിരെ നിർഭയമായി നിലക്കൊള്ളാൻ താക്കൂറിനെ പോലുള്ള നിരവധി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഇനിയും ആവശ്യമാണ്.

3.സംഗീത കാലിയ

sangeetha

ഒരു മരപ്പണിക്കാരന്റെ മകൾക്ക് വളർന്ന് എവിടെവരെ എത്താമെന്നതിന്റെ തെളിവാണ് സംഗീത കാലിയയുടെ ഔദ്യോഗിക ജീവിതം. ഹരിയാനയിലെ പോസ്റ്റിംഗ് കാലത്ത് സർക്കാരിന്റെ കണ്ണിലെ സ്ഥിരം കരടായിരുന്നു അവർ. മന്ത്രിമാരുമായി നിരന്തരമായി അഭിപ്രായ വ്യത്യാസങ്ങൾ വച്ചു പുലർത്തിയിരുന്നു ആളായിരുന്നു സംഗീത. മുഖം നോക്കാതെ നടപടിയെടുക്കാനാണ് അവരെന്നും ശ്രദ്ധിച്ചിരുന്നത്.

ഫത്തേഹാബാദ്, രേവാരി, പാനിപ്പത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സമയത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിന് പുതിയ സംരംഭങ്ങൾ അവർ ആരംഭിച്ചു.'സശക്ത് മഹിളാ സശക്ത് സമാജ്, ആവോ കരേ ഏക് സാഞ്ജി ശുരുആത്' എന്ന ബാനറിൽ അവർ അവതരിപ്പിച്ച ഒരു പരിപാടി വളരെ വിജയകരമായിരുന്നു. സത്യസന്ധതയ്‌ക്ക് പേരുകേട്ട അവർ മികച്ച ഐപിഎസ് ഓഫീസർമാരിൽ ഒരാളു കൂടിയാണ്.