
സൈപ്രസ്: കൊവിഡ് വകഭേദമായ ഒമിക്രോൺ ലോകമാകെ അതിവേഗം പടർന്നുപിടിക്കുകയാണ്. ഇതിനിടെ ലോകമാകെ ആശങ്കയായി പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ വാർത്ത പുറത്തുവന്നു. മെഡിറ്ററേനിയൻ രാജ്യമായ സൈപ്രസിലാണ് പുതിയ കൊവിഡ് വകഭേദമായ ഡെൽറ്റാക്രോൺ കണ്ടെത്തിയത്.
സൈപ്രസിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഡെൽറ്റാ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്നതാണ് ഡെൽറ്റാക്രോൺ. ഇതുവരെ 25 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുളളവരെ ക്വാറന്റൈനിലാക്കിയിരിക്കയാണ്.
സൈപ്രസ് സർവകലാശാലയിലെ ബയോടെക്‌നോളജി-മോളികുലാർ വൈറോളജി ലാബിന്റെ തലവനും സർവകലാശാല ബയോളജിക്കൽ സയൻസ് വിഭാഗം പ്രൊഫസറുമായ ലിയോണ്ടിയോസ് കോസ്‌ട്രികിസിന്റെ അഭിപ്രായത്തിൽ രാജ്യത്ത് ഇപ്പോൾ ഒമിക്രോൺ, ഡെൽറ്റാ വകഭേദങ്ങളുണ്ട്. പുതിയ വകഭേദം ഇവരണ്ടും ചേർന്നതും ഇവയുടെ രണ്ടിന്റെയും സ്വഭാവം കാണിക്കുന്നതുമാണ്. ഡെൽറ്റാ ജീനുകളിൽ ഒമിക്രോണിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതാണിത്.
രോഗം സ്ഥിരീകരിച്ച 25 കേസുകളുടെ സാമ്പിൾ വൈറസിന്റെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുന്ന അന്താരാഷ്‌ട്ര ഡാറ്റാ ബേസായ ജിഐഎസ്എഐഡിയിലേക്ക് അയച്ചു. നിലവിലെ കണ്ടെത്തലനുസരിച്ച് പുതിയ വകഭേദത്തിന് രോഗികളിലെ ആപേക്ഷിക ആവൃത്തി വളരെ കൂടുതലാണ്. കൂടുതൽ രോഗബാധയ്‌ക്ക് സാദ്ധ്യതയുണ്ടോയെന്നും ഇത് ഏറെനാൾ നിലനിൽക്കുമോ എന്നെല്ലാം ഗവേഷകർ നിരീക്ഷിച്ചുവരികയാണ്.