
തിരുവനന്തപുരം: ഇടുക്കിയിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജിന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ശക്തമായ വിമർശനമാണ് എ.എ റഹീം ഉന്നയിച്ചത്.
സുധാകരന്റെ ഗുണ്ടാസംസ്‌കാരമാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് അഭിപ്രായപ്പെട്ട റഹീം കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ കോൺഗ്രസ് ആയുധമെടുത്ത് ശ്രമിക്കുകയാണെന്നും വിമർശിച്ചു. രക്തദാഹിയാണ് സുധാകരനെന്നും, ആയുധവും കൊലവിളിയുമില്ലെങ്കിൽ സുധാകരന് രാഷ്‌ട്രീയമില്ലെന്നും എ.എ റഹീം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വിമർശനം ഉന്നയിച്ചു.
എ.എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
സുധാകരനിസമാണ് കോൺഗ്രസ്സിലിപ്പോൾ.
കൊന്നും കൊലവിളിച്ചും കോൺഗ്രസ്സ് ക്രിമിനൽ സംഘം
കേരളത്തെ കലാപഭൂമിയാക്കുന്നു.സുധാകരന്റെ ഗുണ്ടാസംസ്‌കാരമാണ് കോൺഗ്രസ്സിനെ നയിക്കുന്നത്.ആശയവും ആത്മവിശ്വാസവും നഷ്ടപ്പെട്ട കോൺഗ്രസ്സ് ആയുധമെടുത്ത് കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണ്.
ആയുധവും അക്രമവും കൊലവിളിയുമില്ലെങ്കിൽ സുധാകരന് രാഷ്ട്രീയമില്ല.രക്തദാഹിയാണ് സുധാകരൻ.അയാളിൽ നിന്നും മറ്റൊന്നുംപ്രതീക്ഷിക്കുന്നില്ല.
പ്രതിപക്ഷ നേതാവായി വി ഡി സതീശൻ ചുമതലയേറ്റപ്പോൾ പറഞ്ഞത് ഇനി പ്രൊഡക്ടീവ് പൊളിറ്റിക്‌സ് ആയിരിക്കും കോൺഗ്രസ്സിന് എന്നാണ്.
ഒരു എൻജിനിയറിങ് കോളേജ് വിദ്യാർഥിയുടെ നെഞ്ചിൽ കൊലക്കത്തിയിറക്കുന്നതാണോ ക്രിയാത്മക രാഷ്ട്രീയമെന്നു ശ്രീ സതീശൻ മറുപടി പറയണം.
ആസൂത്രിതമായാണ് പുറത്ത് നിന്നെത്തിയ
യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ ധീരജിനെ കുത്തിക്കൊന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ബോധപൂർവ്വം ക്രമസമാധാനനില തകർക്കാൻ നടത്തിയ കൊലപാതകമാണ്.
സുധാകരന്റെ ബാധകയറിയ യൂത്ത് കോൺഗ്രസ്സ് ഒരു ലക്ഷണമൊത്ത ഗുണ്ടാ സംഘമായി മാറി.ആയുധമെടുത്ത്,അക്രമം നടത്തി ഗുണ്ടാ നേതാവായ സുധാകരന് സേവ ചെയ്യുകയാണ്
ഈ ക്രിമിനൽ സംഘം.
മിടുക്കനായ ഒരു എൻജിനിയറിങ് വിദ്യാർഥിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്.
കെഎസ്‌യുവിനും യൂത്ത് കോൺഗ്രസ്സിനും മലയാളനാട്ടിൽ അമ്മമാരുടെ മുഖത്തു നോക്കാൻ പോലും ഇനി അർഹതയില്ല.കേരളത്തിന്റെ മനസ്സിൽ നിന്നും ഈ കോൺഗ്രസ്സ് ക്രൂരത ഒരിക്കലും മായില്ല.
ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ മുന്നിൽ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു.
കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു.