chandrashekhar-patil

ബംഗളൂരു: പ്രശസ്ത കന്നഡ കവിയും നാടകരചയിതാവും ആക്ടിവിസ്റ്റുമായ ചന്ദ്രശേഖർ പാട്ടീലെന്ന ചമ്പ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്. കർണാടകയിലെ സാഹിത്യ പ്രസ്ഥാനങ്ങളിൽ ഒന്നായ ബന്ദായയുടെ പ്രധാന ശബ്ദമായിരുന്നു അദ്ദേഹം. ബനൂലി,​ ഗാന്ധി സ്മരണേ,​ ഹൂവു ഹെണ്ണു താരേ എന്നിവയടക്കം നിരവധി കവിതകളും കൊഡേഗള്ളൂ,​ അപ്പാ എന്നിങ്ങനെ അനവധി നാടകങ്ങളും രചിച്ചു. കർണാടക സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. സംക്രമണ ജേണലിന്റെ എഡിറ്റർ,​ കന്നഡ ഡെവലപ്മെറ്റ് അതോറിറ്റി ചെയർമാൻ,​ കന്നഡ സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. കർണാടക സാഹിത്യ അക്കാദമി പുരസ്കാരം,​ പമ്പാ അവാർഡ് എന്നിവ ലഭിച്ചു. 2015ൽ എം.എം. കൽബുർഗിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പമ്പാ പുരസ്കാരം അദ്ദേഹം തിരികെ നൽകി. ഒരു മകനും മകളുമുണ്ട്.