
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. പ്രമേഹരോഗികൾ ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. രാവിലെ റവ, റാഗി, ഗോതമ്പ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചുണ്ടാക്കുന്ന ദോശ രണ്ടെണ്ണം കഴിക്കാം. ഇടവേളകളിൽ കാരറ്റ്, വെള്ളരിക്ക, പടവലങ്ങ, സവാള എന്നിവ ചേർത്ത സാലഡ് കഴിക്കാം. ഉച്ചയ്ക്ക് ഒരു കപ്പ് ചോറിനൊപ്പം അവിയൽ, ഇലത്തോരൻ എന്നിവ കഴിക്കുക.
വൈകിട്ട് നാലിനും അഞ്ചിനുമിടയ്ക്ക് നാരങ്ങ, നെല്ലിക്ക എന്നിവയുടെ നീര് വെള്ളവും തേനും ചേർത്ത് കഴിക്കാം. പയർ മുളപ്പിച്ചു വേവിച്ച് അല്പം ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കാം. ചായ, കാപ്പി, ബിസ്‌കറ്റ്, എണ്ണയിൽ വറുത്തത്, മൈദയിൽ തയ്യാറാക്കുന്ന പലഹാരങ്ങൾ എന്നിവ ഒഴിവാക്കണം.
അത്താഴം രാത്രി എട്ടിനു മുൻപ് കഴിക്കുക. ചെറുപയർ, ഉലുവ, തവിടുള്ള അരി എന്നിവ ചേർത്തതോ ഗോതമ്പ്, ബാർലി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് തയാറാക്കിയതോ ആയ കഞ്ഞി കഴിക്കാം.
ഉലുവ, പേരയില, പെരുംജീരകം ഇവ ചേർത്തു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.